World News
ഇതെന്താ ഗാന്ധിയേയും, മണ്ടേലയേയും മദര്‍ തെരേസയേയും വെച്ചുള്ള പ്രേതകഥയോ; ട്രെന്‍ഡിങ്ങായി ദ ബ്രസീലിയന്‍ ഹൊറര്‍ സ്റ്റോറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 13, 08:28 am
Wednesday, 13th January 2021, 1:58 pm

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബ്രസീലിലെ 70 കാരന്റെ മെഴുകില്‍ തീര്‍ത്ത ശില്‍പങ്ങളേക്കുറിച്ചാണ്. ശില്‍പങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

70 കാരനായ അര്‍ലിന്റോ അര്‍മാക്കോളോയാണ് മെഴുകില്‍ ശില്‍പങ്ങല്‍ തീര്‍ത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ബ്രസീലിയന്‍ കലാകാരനായ അര്‍ലിന്റോയുടെ ചിത്രങ്ങള്‍ വൈറലാകുന്നത് എന്നല്ലേ? കാരണമുണ്ട്.

ഗാന്ധിജി, നെല്‍സണ്‍ മണ്ടേല, ഫ്രാന്‍സിസ് മാര്‍പാപ്പ, മദര്‍ തെരേസ, ക്വീന്‍ എലിസബത്ത്, മെര്‍ലിന്‍ മണ്ട്രോ തുടങ്ങി ചരിത്ര പ്രശസ്തരുടെ രൂപമാണ് അര്‍ലിന്റോ മെഴുക് പ്രതിമയാക്കിയത്. തീര്‍ച്ചയായും ഇതുകൊണ്ട് മാത്രം ശില്‍പങ്ങള്‍ ശ്രദ്ധിക്കപ്പെടില്ല.

അര്‍ലിന്റോ ഇവരുടെയെല്ലാം ചിത്രങ്ങള്‍ തികച്ചും വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തുന്ന മുഖമാണ് അര്‍ലിന്റോ നിര്‍മ്മിച്ച ശില്‍പത്തില്‍ ഗാന്ധിജിക്കുള്ളത്.

നെല്‍സണ്‍ മണ്ടേല, മദര്‍ തെരേസ തുടങ്ങിയവര്‍ക്കും അങ്ങിനെ തന്നെ. ശില്‍പം കണ്ടാല്‍ പ്രേത സിനിമയക്ക് സെറ്റിട്ടതാണെന്ന് തോന്നുമെന്നാണ് സോഷ്യല്‍ മീഡിയ ശില്‍പിക്കെതിരെ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.

ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള മഹത് വ്യക്തികളുടെ രൂപം വികൃതമാക്കി നിര്‍മ്മിച്ചു എന്നതിലും ഇദ്ദേഹം വിമര്‍ശനം നേരിടുന്നു. ബ്രസീലിയന്‍ ഹൊറര്‍ സ്റ്റോറി എന്ന പേരിലാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അര്‍ലിന്റോ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെച്ചത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ശില്‍പിയും ശില്‍പങ്ങളും വൈറലായത്.

എന്നാല്‍ അര്‍ലിന്റോയെ അഭിനന്ദിച്ചും നിരവധി പേരെത്തുന്നുണ്ട്.
വിമര്‍ശകരോട് നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം വന്ന് കണ്ടാല്‍ മതിയന്നാണ് അര്‍ലിന്റോ പറയുന്നത്.

വലതുപക്ഷ നേതാവായ് ജെയിര്‍ ബോള്‍സനാരോയുടെ ആരാധകനാണ് അര്‍ലിന്റോ. എന്തുകൊണ്ട് ജയിര്‍ ബോള്‍സനാരോയുടെ ഇത്തരത്തിലുള്ള ശില്‍പം ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹത്തിന് നേരെ വിമര്‍ശകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ തനിക്ക് ഇനിയും പഠിക്കാനുണ്ടെന്നാണ് ഇതിന് മറുപടിയായി അര്‍ലിന്റോ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Brazilian horror story’: internet melts down over sculptor’s peculiar waxworks