സാന്റോസ്: റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് മടങ്ങേണ്ടി വന്നവരാണ് ബ്രസീല്‍. ബെല്‍ജിയത്തിനോടേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് മഞ്ഞപ്പടയുടെ ആരാധകര്‍ ഇതുവരെ മുക്തരായിട്ടില്ല. തങ്ങളുടെ ടീമിനെ രൂക്ഷമായ പരിഹാസങ്ങള്‍ കൊണ്ടും വിമര്‍ശനം കൊണ്ടുമാണ് ബ്രസീല്‍ ആരാധകര്‍ വരവേറ്റത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് അവസാന മത്സരത്തില്‍ സെല്‍ഫ് ഗോള്‍ അടിച്ച ഫെര്‍ണാണ്ടീഞ്ഞോയ്ക്കായിരുന്നു. രൂക്ഷമായ വിമര്‍ശനവും കൊലവിളിയും വംശീയ അധിക്ഷേപവുമാണ് താരത്തിന് നേരെ ഉയര്‍ന്നത്.
Read Also : സ്‌പെയിനിനെ കളി പഠിപ്പിക്കാന്‍ ബാഴ്‌സയുടെ മുന്‍ പരിശീലകന്‍
ഫെര്‍ണാണ്ടീഞ്ഞോയുടെ കുടുംബത്തെയും അവര്‍ വെറുതെ വിട്ടില്ല. കമന്റുകള്‍ പരിധി വിട്ടപ്പോള്‍ താരത്തിന്റെ അമ്മയ്ക്ക് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പോലും അവസാനിപ്പിക്കേണ്ടി വന്നു.
എന്നാല്‍, താരത്തിന് നേരെ നടക്കുന്ന പരിധിവിട്ടുകൊണ്ടുള്ള അതിക്ഷേപങ്ങള്‍ക്കെതിരെ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്ത് വന്നു. വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത ഭാഷയിലുള്ള പ്രതികരണമാണ് ഫെഡറേഷന്‍ നടത്തിയത്. നിറങ്ങളുടെയും സംസ്‌കാരത്തിന്റെയുമെല്ലാം ഒത്തൊരുമിക്കലാണ് ഫുട്‌ബോളെന്നും ഞങ്ങള്‍ ഫെര്‍ണാണ്ടീഞ്ഞോയ്‌ക്കൊപ്പമാണെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കാനറികളുടെ പരാജയം. ആദ്യ പകുതിയിലാണ് അലിസണെ കീഴടക്കിയ രണ്ടു ഗോളുകളും പിറന്നത്. ഒന്ന് ബെല്‍ജിയത്തിന്റെ കെവിന്‍ ഡിബ്രുയിന്റെ കാലില്‍ നിന്നായിരുന്നെങ്കില്‍ ആദ്യ ഗോള്‍ വന്നത് ഫെര്‍ണാണ്ടീഞ്ഞോയുടെ ഒരു ഹെഡറില്‍ സംഭവിച്ച അബദ്ധമായിരുന്നു.
രണ്ടാം പകുതിയില്‍ ജയിക്കാന്‍ കൈമെയ് മറന്ന് പൊരുതിയെങ്കിലും അഞ്ചു വട്ടം കിരീടമുയര്‍ത്തിയ ബ്രസീലിന് ആറാം കിരീടമെന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിച്ച് റഷ്യന്‍ ലോകകപ്പില്‍ നിന്ന് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി.