| Friday, 4th November 2022, 9:30 pm

ബെഞ്ചിലിരുത്താന്‍ പണവും മുടക്കി അയാളെ ഇങ്ങ് കൊണ്ടുവരാം, വട്ടാണല്ലോ ഞങ്ങള്‍ക്ക്: അഭ്യൂഹങ്ങള്‍ക്കെതിരെ ബ്രസീലിയന്‍ ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഈ സീസണില്‍ വിധേയനായത്.

തന്റെ മോശം പ്രകടനം കൊണ്ടും യുണൈറ്റഡുമായുള്ള അസ്വാരസ്യങ്ങള്‍ക്കൊണ്ടും ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ബെഞ്ചിലിരിക്കാനായിരുന്നു താരത്തിന്റെ വിധി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സന്തുഷ്ടനല്ലാത്തതിനാല്‍ റൊണാള്‍ഡോ ജനുവരിയില്‍ നടക്കാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടുമെന്നുള്ള സൂചനയും ഇതിനകം
പുറത്തുവന്നിരുന്നു.

താരം ചേക്കേറാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് നിരവധി ക്ലബ്ബുകളുടെ പേരും ഇക്കാലയളവില്‍ പുറത്തുവന്നിരുന്നു. അതിലൊന്നായിരുന്നു ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ലാമങ്കോ.

എന്നാല്‍ അതെല്ലാം അഭ്യൂഹങ്ങളാണെന്നും റൊണാള്‍ഡോയെ സൈന്‍ ചെയ്യിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ക്ലബിന്റെ പ്രസിഡന്റ് റൊഡോള്‍ഫോ ലാന്‍ഡിം. ബെഞ്ചിലിരിക്കാന്‍ വേണ്ടി ഒരു കളിക്കാരനെ ഇത്രയും തുകയും പ്രതിഫലവും നല്‍കി സ്വന്തമാക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

‘റൊണാള്‍ഡോ ഫ്‌ലാമങ്കോയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ആരാണ് പുടുത്തുവിടുന്നതെന്നറിയില്ല. ആരുടെ സ്ഥാനത്ത് കളിക്കാനാണ് അദ്ദേഹത്തെ കൊണ്ടു വരേണ്ടത്. ബെഞ്ചിലിരിക്കാനാണോ കൊണ്ടുവരേണ്ടത്.

അഭ്യൂഹങ്ങളില്‍ സൂചിപ്പിച്ച പണവും കൊടുത്ത് താരത്തെ കൊണ്ടുവരാന്‍ മാത്രം സാമ്പത്തിക സ്ഥിതിയിലല്ല ഞങ്ങള്‍,’ അദ്ദേഹം പറഞ്ഞു.

റൊണാള്‍ഡോയെ ടീമിലെത്തിച്ചാലും താരം ബെഞ്ചിലിരിക്കേണ്ടി വരുമെന്നും പ്രെഡ്രോക്കും ഗാബിഗോളിനും പകരക്കാരനായി റൊണാള്‍ഡോയെ കളിപ്പിക്കാന്‍ കഴിയില്ലെന്നും ലാന്‍ഡിം കൂട്ടിച്ചേര്‍ത്തു.

ഫ്‌ലാമങ്കോയില്‍ ആരും അതുപോലൊരു വട്ടന്‍ കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ക്ലബിന്റെ ഭാവി മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റൊണാള്‍ഡോ ജനുവരിയില്‍ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങള്‍ ഇപ്പോഴും ശക്തമാണ്. എന്നാല്‍ നിലവില്‍ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന റൊണാള്‍ഡോ ഒരിക്കലും ബ്രസീലിയന്‍ ലീഗിനെ പരിഗണിക്കില്ല എന്നുറപ്പാണ്. ഈ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് കളിക്കാനാവും താരം ശ്രമിക്കുക.

Content Highlights: Brazilian Club president Rodalfo Landim denies the rumors on Cristiano Ronaldo’s signing

Latest Stories

We use cookies to give you the best possible experience. Learn more