ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സര്‍പ്രൈസിങ്ങായ ട്രാന്‍സ്ഫറായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേത്. യൂറോപ്പിലെ ജൈത്രയാത്രക്ക് ശേഷം ഏഷ്യയും കീഴടക്കാനാണ് റോണോ എത്തിയിരിക്കുന്നത്.
എന്നാല്‍ റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ തങ്ങളും ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് ബ്രസീലിയന്‍ ക്ലബ്ബായ കോറിന്തിയന്‍സ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുമ്പോള്‍ താരത്തിന് ലഭിച്ച അതേ തുക തന്നെ തങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അല്‍ നസറിലേക്ക് പോകുകയായിരുന്നുവെന്നും കോറിന്തിയന്‍സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഡുലിയോ മൊന്റെറിയോ ആല്‍വസ് പറഞ്ഞു.
നാല് ലക്ഷം പൗണ്ടായിരുന്നു റൊണാള്‍ഡോക്ക് മാഞ്ചസ്റ്ററില്‍ നിന്നും ഓരോ ആഴ്ചയും പ്രതിഫലമായി ലഭിച്ചിരുന്നത്. ഇതേ തുക തന്നെ തങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കോറിന്തിയന്‍സ് വ്യക്തമാക്കുന്നത്.
‘ഞങ്ങള്‍ റൊണാള്‍ഡോക്ക് മുമ്പില്‍ ഒരു ഓഫര്‍ വെച്ചിരുന്നു. മാഞ്ചസ്റ്ററില്‍ ലഭിച്ചിരുന്ന അതേ പ്രതിഫലമാണ് വാഗ്ദാനം ചെയ്തത്. സ്‌പോണ്‍സേഴ്‌സിന്റെ സഹായത്തോടെ രണ്ട് വര്‍ഷത്തെ കരാറിനാണ് ഞങ്ങള്‍ ശ്രമിച്ചത്,’ ആല്‍വസ് പറഞ്ഞു.
എന്നാല്‍ ബ്രസീലിയന്‍ ക്ലബ്ബിന് ചിന്തിക്കാന്‍ പോലുമാകാത്ത തുക നല്‍കിയായിരുന്നു അല്‍ നസര്‍ ക്രിസ്റ്റ്യാനോയെ റാഞ്ചിയത്.
‘അദ്ദേഹത്തിന് യൂറോപ്പില്‍ നിന്നും നിരവധി പ്രൊപ്പോസലുകള്‍ വന്നിരുന്ന കാര്യവും ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ അതിന്റെ 20 ഇരട്ടിയായിരുന്നു സൗദി അറേബ്യയുടെ ഓഫര്‍,’ ആല്‍വസ് കൂട്ടിച്ചേര്‍ത്തു.
താന്‍ ക്രിസ്റ്റ്യാനോയുടെ ഏജന്റുമായി പല തവണ സംസാരിച്ചിട്ടുണ്ടായിരുന്നുവെന്നും ആല്‍വസ് പറഞ്ഞു. ടീമിന്റെ പാര്‍ട്ണര്‍മാരെല്ലാം ഈ തീരുമാനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ആറേഴ് തവണ ജോര്‍ജ് മെന്‍ഡസുമായി (ക്രിസ്റ്റിയാനോയുടെ ഏജന്റ്) സംസാരിച്ചിരുന്നു. അവസാനം മറ്റൊരാള്‍ വഴി ഞങ്ങള്‍ പ്രൊപ്പോസല്‍ അയക്കുകയായിരുന്നു. ഞങ്ങള്‍ പ്രൊപ്പോസല്‍ അയച്ചിരുന്നുവെങ്കിലും അദ്ദേഹം അത് സ്വീകരിക്കില്ലെന്ന് തന്നെയായിരുന്നു എന്റെ മനസില്‍ (ചിരി).
ഈ തീരുമാനത്തിനെതിരെ പല തവണ മുന്നറിയിപ്പ് നല്‍കിയ പാര്‍ട്ണര്‍മാരും ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഒന്ന് ശ്രമിക്കാതെ വിടേണ്ട എന്നായിരുന്നു ഞാന്‍ കരുതിയത്,’ ആല്‍വസ് കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നസറിലെത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 200 മില്യണ്‍ യൂറോയാണ് താരത്തിന്റെ പ്രതിഫലം. ഇതിന് പുറമെ 2030 വേള്‍ഡ് കപ്പ് ബിഡ്ഡിനായി സൗദിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആവണമെന്നതും താരത്തിന്റെ കരാറിന്റെ ഭാഗമാണ്.
Content Highlight: Brazilian club Corinthians says they also tried to sign Cristiano Ronaldo