നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയാല്‍ പിറക്കാനാരിക്കുന്നത് ചരിത്രം; സൂപ്പര്‍താരത്തെ പ്രശംസിച്ച് ബ്രസീല്‍ താരം
Football
നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയാല്‍ പിറക്കാനാരിക്കുന്നത് ചരിത്രം; സൂപ്പര്‍താരത്തെ പ്രശംസിച്ച് ബ്രസീല്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th May 2023, 6:44 pm

നെയ്മര്‍ പി.എസ്.ജി വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോവുകയാണെങ്കില്‍ അദ്ദേഹത്തിനിവിടെ തിളങ്ങാനാകുമെന്ന് ബ്രസീലിയന്‍ അറ്റാക്കര്‍ വില്ല്യന്‍. അദ്ദേഹം ലോകത്തുള്ള ഏത് ക്ലബ്ബില്‍ പോയി കളിച്ചാലും മികവ് പുലര്‍ത്താനാകുമെന്നും താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുമോ എന്ന് മാത്രമെ ഇനി അറിയാനുള്ളൂവെന്നും വില്ല്യന്‍ പറഞ്ഞു. ദി അത്‌ലെറ്റിക്കിന് നല്‍കിയ അഭിമുഖത്തിലാണ് വില്ല്യന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘നെയ്മര്‍ ലോകത്ത് എവിടെ പോയി കളിക്കുകയാണെങ്കിലും അദ്ദേഹത്തിന് തന്റെ പ്രതിഭ തെളിയിക്കാന്‍ സാധിക്കും. തന്റെ കഴിവും നിലവാരവും ഉപയോഗപ്പെടുത്തി മത്സരങ്ങള്‍ എളുപ്പമുള്ളതാക്കാനും അദ്ദേഹത്തിന് കഴിയും. നെയ്മര്‍ പ്രീമിയര്‍ ലീഗിലാണ് കളിക്കുന്നതെങ്കില്‍ അവിടെയും അദ്ദേഹത്തിന് തിളങ്ങാനാകുമന്നതില്‍ സംശയമില്ല.

നെയ് എവിടെ പോയിക്കളിച്ചാലും അദ്ദേഹത്തിന്റെ മനോഹര ശൈലിയിലുള്ള ഫുട്‌ബോള്‍ കാഴ്ചവെച്ച് മികവ് പുലര്‍ത്താനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലോകത്തുള്ള ഏത് ക്ലബ്ബിലും അദ്ദേഹത്തിനൊരു സ്ഥാനമുണ്ടാകും.

നെയ്മര്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമോ എന്ന് മാത്രമെ ഇനി അറിയാനുള്ളൂ. യുണൈറ്റഡ് തീര്‍ച്ചയായും മികച്ച ക്ലബ്ബാണ്. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നാണ് യുണൈറ്റഡ്. അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോവുകയാണെങ്കില്‍ അവിടെയും അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നത് തീര്‍ച്ചയാണ്,’ വില്ല്യന്‍ പറഞ്ഞു.

അതേസമയം അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ രംഗത്തെത്തിയിരുന്നു. നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നുമാണ് റൊമാനോ പറഞ്ഞത്. ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു റൊമാനോയുടെ പ്രതികരണം.

‘നെയ്മറിന്റെ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് പി.എസ്.ജിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. നെയ്മറിനെ പുറത്താക്കുന്നതിനെ കുറിച്ച് പി.എസ്.ജിയില്‍ നിന്ന് തീരുമാനങ്ങള്‍ ഉണ്ടായിരുന്നു. ഈ സീസണിന്റെ അവസാനത്തോടെ വിഷയത്തില്‍ പരിഹാരം ഉണ്ടാകും,’ റൊമാനോ ട്വീറ്റ് ചെയ്തു.

പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. ലീഗ് വണ്ണില്‍ ലോസ്‌ക് ലില്ലിക്കെതിരായ മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഈ സീസണില്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താരം നാട്ടില്‍ പാര്‍ട്ടി ചെയ്ത് ഉല്ലസിക്കുകയാണെന്ന് ആരോപിച്ച് പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീട്ടിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇത് പി.എസ്.ജിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും മാനേജ്മെന്റ് താരത്തിന് വേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ 2027 വരെ നിലനില്‍ക്കെ ഈ സീസണിന്റെ അവസാനത്തോടെ താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

2017ലാണ് 222 മില്യണിന്റെ ഉയര്‍ന്ന വേതനം നല്‍കി നെയ്മറെ ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പാരീസിയന്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളും 77 അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

Content Highlights: Brazilian attacker Willian praises Neymar Jr