ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ജി യിലെ അവസാന മത്സരത്തിൽ കാമറൂണിനെതിരെ ഇൻജുറി ടൈമിൽ വഴങ്ങേണ്ടി വന്ന ഒരു ഗോളിൽ പരാജയപ്പെട്ടത്തിന് ശേഷം ബ്രസീലിന് വീണ്ടും തിരിച്ചടി.
ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ബ്രസീലിന്റെ പ്രധാനപ്പെട്ട അറ്റാക്കിങ് മിഡ്‌ഫീൽഡ് താരമായ കുടീഞ്ഞോ പരിക്കേറ്റ് പുറത്ത് പോയിരുന്നു.
പോസ്റ്റിലേക്ക് പവർഫുൾ ഷോട്ടുകൾ വളരെ ദൂരെനിന്ന് തൊടുക്കാൻ കഴിയുന്ന കുടീഞ്ഞോയെ പോലുള്ള ഒരു പ്ലെയറിന്റെ അഭാവം ബ്രസീലിന്റെ കാമറൂണിനെതിരെയുള്ള മത്സരത്തിൽ കണ്ടതാണ്. പോസ്റ്റിലേക്ക് ഏഴോളം ഷോട്ടുകൾ ഉതിർക്കാൻ കഴിഞ്ഞെങ്കിലും ഒരെണ്ണം പോലും ഗോളാക്കി മാറ്റാൻ ബ്രസീൽ സ്‌ക്വാഡിന് സാധിച്ചിരുന്നില്ല.
സെർബിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ ബ്രസീൽ സൂപ്പർ താരം നെയ്മറിനും കണങ്കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് ഗ്രൂപ്പ് ഘട്ടത്തിലെ പിന്നീടുള്ള രണ്ട് മത്സരങ്ങളും കളിക്കാൻ സാധിക്കാതിരുന്ന നെയ്മർ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ പരിക്ക് ഭേദമായി തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ നെയ്മർ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ മറ്റ് രണ്ട് പ്രമുഖ താരങ്ങൾ പരിക്കേറ്റ് ടീമിന് പുറത്തേക്ക് പോയിരിക്കുകയാണ്. ബ്രസീലിയൻ ഫുൾബാക്ക് അലക്സ് ടെല്ലസ്, മുന്നേറ്റ നിര താരം ഗബ്രിയേൽ ജിസ്യുസ് എന്നിവർക്കാണ് കാമറൂണിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റത്.
ഇരുവർക്കും തുടർന്നുള്ള ലോകകപ്പ് മത്സരങ്ങൾ നഷ്‌ടമാകും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷൻ ടെല്ലസ്, ജിസ്യുസ് എന്നിവർക്ക് തുടർന്നുള്ള ലോകകപ്പുകൾ നഷ്‌ടമായേക്കും എന്ന പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ബ്രസീൽ ടീമിന്റെ ഡോക്ടർ ഇൻ ചീഫായ റോഡ്രിഗോ ലാസ്മറും ഇരു കളിക്കാർക്കും ഇനി ലോകകപ്പിൽ തുടരാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കണങ്കാലിലേറ്റ പരിക്കാണ് ഇരു കളിക്കാർക്കും വിനയായത്. മികച്ച പ്രതിരോധ താരങ്ങൾക്ക് അഭാവമുള്ള ബ്രസീൽ ടീമിന് വലിയ തിരിച്ചടിയാണ് അലക്സ് ടെല്ലസിന്റെ പരിക്ക്.
ഒൻപത് മുന്നേറ്റ നിര താരങ്ങൾ ഇടം പിടിച്ച ബ്രസീൽ ലോകകപ്പ് സ്‌ക്വാഡിന് ജിസ്യുസിന്റെ പരിക്ക് വലിയ തലവേദന സൃഷ്‌ടിക്കാൻ ഇടയില്ല.
ഡിസംബർ ആറിന് ദക്ഷിണകൊറിയക്കെതിരെയാണ് ബ്രസീലിന്റെ പ്രീ ക്വാർട്ടർ മത്സരം.