കൊല്‍ക്കത്ത: മാലി കാണിച്ച പോരാട്ടവീര്യത്തിനൊടുവില്‍ ലൂസേഴ്‌സ് ഫൈനലില്‍ ബ്രസീലിന് ജയം. ആഫ്രിക്കന്‍ കരുത്തരായ മാലിക്കെതിരെ രണ്ടു ഗോളിന് ജയിച്ചാണ് അണ്ടര്‍ 17 ലോകകപ്പിന്റെ മൂന്നാം സ്ഥാനം ബ്രസീല്‍ സ്വന്തമാക്കിയത്.
അലനും യൂറി ആല്‍ബേര്‍ട്ടോയുമാണ് കാനറികള്‍ക്കായി ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയിലാണ് മഞ്ഞപ്പടയുടെ വിജയം നിര്‍ണയിച്ച ഗോളുകള്‍ വീണത്.
55 ാം മിനിറ്റില്‍ അലനാണ് സമനില പൂട്ട് പൊട്ടിച്ച് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ പിന്നീട് മറുപടി ഗോളിനായി മാലി കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങിയതോടെ മത്സരം ആവേശത്തിലായി.
ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ഗബ്രിയേല്‍ ബ്രസാവോയുടെ തകര്‍പ്പന്‍ സേവുകളാണ് മാലിയുടെ ഗോളുകളെ തടഞ്ഞിട്ടത്. കളിതീരാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ആല്‍ബര്‍ട്ടോ മാലിയുടെ വല കുലുക്കിയതോടെ ബ്രസീലിന് ലോകകപ്പിന്റെ ഇന്ത്യന്‍ പതിപ്പിലെ മൂന്നാം സ്ഥാനവും സ്വന്തമായി.
കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ മാലിക്ക് ഇത്തവണ നാലാം സ്ഥാനം കൊണ്ട് മടക്കം.