| Sunday, 22nd October 2017, 11:05 pm

ചാരത്തില്‍ നിന്ന് ചിറകടിച്ച് കാനറികള്‍; ജര്‍മ്മനിക്കെതിരെ ബ്രസീലിന് ത്രസിപ്പിക്കുന്ന ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: എന്തൊരു മത്സരമായിരുന്നു അത്… മുന്നില്‍ പകച്ചു നിന്ന തോല്‍വിയില്‍ നിന്ന് കാനറികള്‍ ചിറകടിച്ചുയര്‍ന്നു… സാംബതാളത്തിന്റെ പുത്തന്‍ അനന്തരാവകാശികള്‍ കൗമാരലോകകപ്പിന്റെ സെമിയിലേക്ക്. ജര്‍മ്മനി പുറത്ത്.

അണ്ടര്‍ 17 ലോകകപ്പിന്റെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ഇന്ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് കളിയുടെ 70ാം മിനിറ്റ് വരെ തോല്‍വി മുന്നില്‍ കണ്ട ബ്രസീല്‍ ശേഷിച്ച സമയം കൊണ്ട് ജയം സ്വന്തമാക്കി. ഇനി അവസാന നാലിലേക്ക്.


Also Read: വിജയം കൊത്തി പറന്ന് കിവികള്‍; ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് തോല്‍വി


ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ കാമാരലോകകപ്പിന്റെ സെമിയിലെത്തിയത്. 21 മിനിറ്റില്‍ ജാന്‍ ഫീറ്റെയിലൂടെ ലീഡ് നേടിയ ജര്‍മ്മനി അവസാന നിമിഷം രണ്ട് ഗോള്‍ വഴങ്ങുകയായിരുന്നു. വെവെഴ്‌സണും പൗളിഞ്ഞോയുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍.

ലുകാസ് ഹാള്‍ട്ടര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച് പെനാല്‍റ്റിയാലാണ് ജര്‍മനിയുടെ ഗോള്‍. 21ാം മിനിറ്റിലാണ് പെനാല്‍റ്റി ലഭിച്ചത്. ജാന്‍ ഫീറ്റെ ഇത് ഭംഗിയായി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.


Also Read:    ‘മാപ്പ് പറഞ്ഞേ തീരൂ’; മെര്‍സലിന്റെ വ്യാജപതിപ്പ് കണ്ടെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനോട് നടന്‍ വിശാല്‍


71 മിനിറ്റില്‍ വെവെഴ്‌സണിലൂടെ സമനില നേടിയ ബ്രസീല്‍, 77 ാം മിനിറ്റില്‍ പൗളിഞ്ഞോയുടെ തകര്‍പ്പന്‍ ഗോളിലൂടെ ലീഡും വിജയവും സ്വന്തമാക്കുകയായിരുന്നു.

രണ്ടു ഗോള്‍ വഴങ്ങിയ ശേഷം തിരിച്ചടിക്കാന്‍ ജര്‍മ്മനി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു. കളിയുടെ മുക്കാല്‍ ഭാഗവും ജയം കൂടെയുണ്ടായിരുന്ന ജര്‍മ്മന്‍ താരങ്ങള്‍ കണ്ണീരോടെയാണ് അവസാന വിസിലിനുശേഷം കളം വിട്ടത്.

25 ന് ഇംഗ്ലണ്ടാണ് സെമിയില്‍ ബ്രസീലിന്റെ എതിരാളികള്‍.

We use cookies to give you the best possible experience. Learn more