ലോകകപ്പ് പ്രീക്വാർട്ടറിൽ സൗത്ത് കൊറിയയെ തകർത്ത് ടീം ബ്രസീൽ ക്വാർട്ടറിലേക്ക്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഞെട്ടിക്കുന്ന ജയവുമായാണ് കാനറിപ്പടയുടെ മുന്നേറ്റം.
ആദ്യ പകുതിയിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കാനറികൾ ആധിപത്യം പുലർത്തിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോൾ നേടിയത്.
പ്രതിരോധത്തിൽ ശക്തമായിത്തന്നെ നിൽക്കാൻ ടീം കൊറിയ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ കനത്ത ആക്രമണത്തെ തടുക്കാൻ അവർക്കായില്ല. കൊറിയക്കായി പൈക്ക് സ്യുംഗ് ഹോയാണ് ആശ്വാസ ഗോൾ നേടിയത്.
ഏഴാം മിനിട്ടിൽ തന്നെ കാനറികൾ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. 10ാം മിനിട്ടിൽ കൊറിയയുടെ എല്ലാ സ്വപ്നങ്ങളും തകർത്ത് കൊണ്ട് റിച്ചാർലിസണെ വീഴ്ത്തിയതിന് പെനാൽട്ടി വിധിക്കപ്പെട്ടു.
പരിക്കിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നെയ്മർ പന്തിൽ ഒരു ഉമ്മ നൽകി കൊണ്ട് ദക്ഷിണ കൊറിയൻ വലയിലേക്ക് തന്റെ ആദ്യ ഗോൾ തൊടുക്കുകയായിരുന്നു.
കൊറിയൻ പ്രതിരോധ നിരയെ നോക്കുകുത്തുകളാക്കി റിച്ചാർലിസൺ ബ്രസീലിന്റെ മൂന്നാം ഗോൾ സ്വന്തമാക്കി. അതോടെ കൊറിയൻ പടക്കുതിരകളുടെ ആവേശം അല്പമൊന്നു മങ്ങി. എന്നാൽ 36ാം മിനിട്ടിൽ പക്വേറ്റയിലൂടെ നാലാം ഗോളും ബ്രസീൽ നേടി.
സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തി എന്നതായിരുന്നു ഇന്നത്തെ പ്രധാന മാറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മര്‍ പിന്നീടുള്ള ബ്രസീലിന്‍റെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.
സെര്‍ബിയയെ 2-0നും സ്വിറ്റ്സര്‍ലന്‍ഡിനെ 1-0ന് തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീലിന് അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ കാമറൂണിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു.
അതേസമയം ക്വാർട്ടറിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.
Content Highlights: Brazil wins against South Korea