കൊല്‍ക്കത്ത: അടുത്ത ലോകകപ്പ് മത്സരത്തില്‍ ചാമ്പ്യന്‍മാരാകുന്നത് ബ്രസില്‍ ടീം തന്നെയായിരിക്കുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ താരം ബെബേറ്റോ.
സ്വന്തം മണ്ണില്‍ കിരീടം നേടുകയെന്നതാണ് ബ്രസീലിന്റെ ലക്ഷ്യമെന്നും അതിനായി ടീം കഠിന പരിശ്രമത്തിലാണെന്നും താരം പറഞ്ഞു. ബ്രസീല്‍ കാത്തിരിക്കുകയാണ് അടുത്ത മത്സരത്തിനും കിരീടനേട്ടത്തിനുമായി- ബെബേറ്റോ പറഞ്ഞു.[]
സ്വന്തം നാട്ടില്‍ മത്സരം കളിക്കുമ്പോള്‍ സമ്മര്‍ദ്ദം കൂടുകയില്ലേ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇല്ല എന്നേ അതിന് മറുപടി പറയാന്‍ കഴിയൂ.
ഫുട്‌ബോള്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. അത് സ്വന്തം മണ്ണിലാകുമ്പോള്‍ ആത്മവിശ്വാസം കൂടുകയാണ് ചെയ്യുന്നത്. അല്ലാതെ കുറയുകയല്ല.
വളരെ കരുത്തുറ്റ താരങ്ങളാണ് ഇപ്പോള്‍ ടീമിലുള്ളത്. മത്സരത്തിനായുള്ള കടുത്ത പരിശീലനം ബ്രസീല്‍ തുടങ്ങിക്കഴിഞ്ഞു. ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങാതെ മുന്നോട്ട് പോകാനാണ് ടീമിന്റെ ശ്രമം.
മെസിയെ പേടിക്കുന്നോ എന്ന ചോദ്യത്തിന് ബെബേറ്റോയുടെ മറുപടി ഇതായിരുന്നു. മെസി മികച്ച കളിക്കാരനാണ്. ഇതുവരെ നേടിയതും ഇനി നേടാനുള്ളതുമായ റെക്കോര്‍ഡുകള്‍ക്കെല്ലാം പൂര്‍ണ അര്‍ഹന്‍.
എന്നാല്‍, ചാവിയും ഇനിയേസ്റ്റയും കൂടെയുള്ളപ്പോഴാണ് മെസിയുടെ കഴിവ് പൂര്‍ണതയിലെത്തുന്നത്. ബ്രസീലുകാര്‍ നല്ല കളിയുടെ ആരാധകരാണ്. മെസ്സിയെ അവര്‍ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യും. പക്ഷേ, സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഞങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല.ബേബേറ്റോ പറഞ്ഞു.