|

'ഖത്തറിനെ മാത്രമല്ല ബ്രസീലിനെയും വിമര്‍ശിച്ചിരുന്നു'; ലോകകപ്പ് വേദികളാകുന്ന രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വാര്‍ത്തയാകുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ വേദിയാവുകയാണ്. ഇതിനിടെ ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നുണ്ട്.

ലോകകപ്പ് ‘മുന്നൊരുക്കങ്ങളുടെ ഭാഗമായി’ ഖത്തര്‍ അധികൃതര്‍ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍ പെട്ടവരെ അറസ്റ്റ് ചെയ്യുകയും തടവിലാക്കി പീഡിപ്പിക്കുകയും ചെയ്യുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

https://www.hrw.org/video-photos/audio/2022/10/26/lgbt-people-qatar-face-arrest-abuse-ahead-fifa-world-cup

ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ വേണ്ടി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും വിദേശ തൊഴിലാളികളെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്നും കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. https://www.reuters.com/lifestyle/sports/exclusive-thousands-workers-evicted-qatars-capital-ahead-world-cup-2022-10-28/

ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടായിരുന്നു ഡെന്മാര്‍ക്ക് ടീമും അവരുടെ സ്‌പോണ്‍സര്‍മാരായ ഹമ്മല്‍ സ്‌പോര്‍ട്‌സും ഡെന്മാര്‍ക്കിന്റെ ലോകകപ്പ് ജേഴ്‌സി പുറത്തിറക്കിയിരുന്നത്. ഡെന്മാര്‍ക്ക് ദേശീയ ടീമിന്റെ ലോഗോയും ഹമ്മലിന്റെ ലോഗോയും ടോണ്‍ഡ് ഡൗണ്‍ ചെയ്തുകൊണ്ടായിരുന്നു അവർ പ്രതിഷേധിച്ചത്.

”ഡാനിഷ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കുന്നതിനൊപ്പം ഞങ്ങള്‍ ഒരു സന്ദേശം നല്‍കാന്‍ കൂടി ആഗ്രഹിക്കുന്നു. ഖത്തറിനും അവരുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ പ്രതിഷേധം കൂടിയാണിത്.

ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ ഒരു ടൂര്‍ണമെന്റില്‍ ദൃശ്യമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഡാനിഷ് ദേശീയ ടീമിനെ എല്ലാവിധത്തിലും പിന്തുണയ്ക്കുന്നു, എന്നാല്‍ അതിനര്‍ത്ഥം ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ ഖത്തറിനെ പിന്തുണയ്ക്കുന്നുണ്ടെന്നല്ല,” എന്നായിരുന്നു ജേഴ്‌സി പുറത്തിറക്കിക്കൊണ്ട് ഹമ്മല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഖത്തറില്‍ ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്കിടെ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിനിരയായി പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു ഇവരുടെ പ്രതികരണം.

ഖത്തറില്‍ ലോകകപ്പ് ജോലികളുടെ ഭാഗമായി കുറഞ്ഞ വേതനത്തിനും മറ്റും ജോലി ചെയ്ത് ചൂഷണത്തിനിരയായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫിഫ 440 മില്യണ്‍ ഡോളര്‍ (3300 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. https://www.reuters.com/lifestyle/sports/rights-groups-ask-sponsors-press-fifa-qatar-migrant-worker-compensation-2022-09-20/

ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്നിവയടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും എന്‍.ജി.ഒകളുമാണ് പൊതുവില്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാറുള്ളത്. റോയിട്ടേഴ്‌സ്, ബി.ബി.സി, ഗാര്‍ഡിയന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇവ റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്.

ഫലസ്തീനിലെയും മ്യാന്മറിലെയും ചൈനയിലെയുമടക്കം മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്ത് കൊണ്ടുവരാറുള്ളതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്.

ഇത്തരം മാധ്യമങ്ങളെയും അവരുടെ റിപ്പോര്‍ട്ടുകളെയും ഉദ്ധരിച്ചുകൊണ്ടാണ് ഡൂള്‍ന്യൂസ് അടക്കം ഇവ മലയാളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ മാത്രമല്ല ഇതേകുറിച്ചുള്ള ഖത്തര്‍ അമീറിന്റെ പ്രതികരണവും മലയാള മാധ്യമങ്ങള്‍ തന്നെ വാര്‍ത്തയാക്കിയിരുന്നു.

ഖത്തറിലെ വിഷയങ്ങള്‍ മാത്രമല്ല, 2014 ഫുട്‌ബോള്‍ ലേകകപ്പിന് ബ്രസീല്‍ വേദിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അവിടത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളും സര്‍ക്കാര്‍ വിരുദ്ധ ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും സമാനമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ലോകകപ്പിന് മാസങ്ങള്‍ മാത്രം മുമ്പ്, സ്റ്റേഡിയം നിര്‍മാണത്തിന് വന്‍ തുക ഈടാക്കുന്നതിനെതിരെ ബ്രസീലില്‍ ലക്ഷങ്ങള്‍ അണിനിരന്ന വലിയ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. അഴിമതിയും വിലക്കയറ്റവും സാമ്പത്തിക അസമത്വവും രൂക്ഷമായിരിക്കെ, ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട ഫണ്ടുകള്‍ ലോകകപ്പിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ അമിതമായി ചിലവാക്കുകയാണെന്നായിരുന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പൊതുഗതാഗത സൗകര്യങ്ങള്‍ പോലും മെച്ചപ്പെടുത്താതെ, ഗതാഗത സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് കോണ്‍ഫെഡറേഷന്‍ കപ്പിന്റെയും ലോകകപ്പിന്റെയും പേര് പറഞ്ഞ് പൊതുഖജനാവ് കൊള്ളയടിക്കുന്നതിനെതിരായായിരുന്നു യുവാക്കളടക്കം അന്ന് ബ്രസീലില്‍ തെരുവിലിറങ്ങിയത്. സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. തങ്ങള്‍ ലോകകപ്പിനല്ല മറിച്ച് സര്‍ക്കാര്‍ നയങ്ങള്‍ക്കാണ് എതിരെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കിയിരുന്നു.

സുരക്ഷാ സേനയും പൊലീസും അന്ന് സമരക്കാരെ നേരിട്ട രീതിയും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും പ്രക്ഷോഭകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്തകളെല്ലാം അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ലോകകപ്പ് ദിവസങ്ങളില്‍ ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആ രാജ്യത്ത് നടന്ന സമരങ്ങളെ രണ്ട് പതിറ്റാണ്ടിനിടയില്‍ ബ്രസീലില്‍ നടന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമെന്നായിരുന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.

ദില്‍മ റൂസുഫായിരുന്നു അന്ന് ബ്രസീലിലെ പ്രസിഡന്റ്. ലോകകപ്പിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും ആരോപിച്ച് ദില്‍മ റൂസുഫിനെതിരെ പ്രതിപക്ഷം ഇംപീച്‌മെന്റ് നടപടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ബ്രസീലില്‍ നിന്നുള്ള ഈ വാര്‍ത്തകള്‍ ഡൂള്‍ന്യൂസ് അടക്കമുള്ള മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ‘ഖത്തര്‍ സാഹചര്യം’ മാത്രം വിലയിരുത്തിക്കൊണ്ട് മാത്രം, മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്ത നല്‍കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്.

Content Highlight: Brazil was also subjected to criticism when it hosted football world cup, not only Qatar