ടിറ്റെ രാജിവെച്ച് ഒഴിഞ്ഞ പരിശീലക സ്ഥാനത്തേക്ക് പുതിയ പരിശീലകനെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ.
ഖത്തർ ലോകകപ്പ് തോൽവിയോടെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ സ്ഥാനം രാജിവെച്ചത്.
ഇതിനെതുടർന്ന് ടീമിലേക്ക് അടിയന്തരമായി പുതിയ പരിശീലകനെ കൊണ്ടു വരാൻ ശ്രമിച്ച ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ പെപ്പ് ഗ്വാർഡിയോള, സിദാൻ, മൗറീഞ്ഞോ, ലൂയിസ് എൻറിക്കെ എന്നീ പരിശീലകരുമായൊക്കെ ചർച്ചകൾ നടത്തുന്നു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഇപ്പോൾ ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് ലോകഫുട്ബോളിലെ നിലവിൽ ലഭ്യമായ മികച്ച പരിശീലകരിലൊരാളെ തന്നെ എത്തിക്കാനുള്ള പുറപ്പാടിലാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസലൊട്ടിയെയാണ് ബ്രസീൽ തങ്ങളുടെ പുതിയ പരിശീലകനായി ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അടുത്ത ആഴ്ച്ച സ്പെയ്നിൽ വെച്ച് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് ആൻസലോട്ടിയുമായി ചർച്ചകൾ നടത്തും.
എന്നാൽ 2024വരെ റയലുമായി കരാറുള്ള ആൻസലോട്ടിയെ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കുന്നത് ബ്രസീൽ ഫുട്ബോൾ അസോസിയേഷന് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നത്.
ക്ലബ്ബ് ഫുട്ബോളിലെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ആൻസലോട്ടി മികച്ച സ്ക്വാഡിനെയാണ് റയൽ മാഡ്രിഡിൽ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുള്ള റയൽ പരിശീലക സ്ഥാനം ഉപേക്ഷിച്ച് അദ്ദേഹം ബ്രസീലിലേക്കെത്തുമോ എന്നാണ് ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്.