ബ്രസീലിയ: കോപ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാര്‍ തോല്‍പ്പിച്ചത്.
മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവരാണ് ബ്രസീലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്ത നെയ്മര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു.
കളിയുടെ തുടക്കം മുതല്‍ ബ്രസീലിനായിരുന്നു ആധിപത്യം.
23-ാം മിനിറ്റില്‍ മാര്‍കിന്യോസിലൂടെയാണ് ബ്രസീല്‍ ആദ്യ ലീഡെടുത്തത്. നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച മാര്‍കിന്യോസ് പന്ത് നിലത്തിറക്കി അനായാസം വെനസ്വേലയുടെ വലയിലെത്തിച്ചു.
തൊട്ടുപിന്നാലെ റിച്ചാലിസണ്‍ വെനസ്വേലയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ആദ്യ പകുതിയില്‍ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പകുതിയില്‍ മഞ്ഞപ്പട കളം നിറഞ്ഞു.
62-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. 89-ാം മിനിട്ടില്‍ ഗബ്രിയേല്‍ ബാര്‍ബോസയാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്.