സിംഗപ്പൂര്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ദുര്‍ബലരായ സെനഗലിനോട് സമനില വഴങ്ങി ബ്രസീല്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിച്ചത്.
മത്സരം തുടങ്ങി ഒമ്പതാം മിനിറ്റില്‍ത്തന്നെ സ്‌കോര്‍ ചെയ്ത ബ്രസീല്‍ കാണികളെ ആവേശഭരിതരാക്കിയെങ്കിലും പിന്നീടങ്ങോട്ട് മത്സരത്തില്‍ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ ടീമിനായില്ല.
അതേസമയം മികച്ച രീതിയില്‍ കളിച്ച സെനഗലാവട്ടെ, ഹാഫ് ടൈമിന്റെ എക്‌സ്ട്രാ ടൈമില്‍ സമനില ഗോള്‍ നേടി. ഓരോ ഗോള്‍ വീതം നേടിയശേഷം രണ്ടാം പകുതിയില്‍ ഒരു ഗോളിനായി ഇരുടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഗബ്രിയേല്‍ ജീസസിന്റെ പാസ്സില്‍ നിന്നാണ് ലിവര്‍പൂള്‍ താരമായ റോബര്‍ട്ടോ ഫിര്‍മിനോ ബ്രസീലിനു വേണ്ടി ഗോള്‍ നേടിയത്. തുടര്‍ന്ന് ഫിലിപ്പെ കുട്ടീന്യോയും നെയ്മറും ആദ്യപകുതിയില്‍ സെനഗലിനെ വിറപ്പിച്ചെങ്കിലും ഫിനിഷ് ചെയ്യാനായില്ല.
തുടര്‍ന്ന് ആദ്യ പകുതി അവസാനിരിക്കെയാണ് സെനഗലിന്റെ ഗോള്‍ വന്നത്. ലിവര്‍പൂള്‍ താരമായ സാദിയോ മാനെയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയുടെ ചുവടുപിടിച്ചാണ് ആ ഗോള്‍ പിറന്നത്. ഫമാരാ ദിയേധിയോയാണ് ഗോള്‍ നേടിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടാം പകുതിയില്‍ ലഭിച്ച ഫ്രീകിക്ക് നെയ്മര്‍ ക്രോസ്ബാറിനു മുകളിലൂടെ അടിച്ചുകളഞ്ഞത് കാണികളെ നിരാശരാക്കി. ഇതിനിടെ സെനഗലിന്റെ സാലിഫ് സനെയുടെ ലോങ് റേഞ്ച് എഡേഴ്‌സണ്‍ മികച്ചൊരു ഡൈവിലൂടെ രക്ഷപ്പെടുത്തി.
ആദ്യമായാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. സൂപ്പര്‍താരം നെയ്മര്‍ ബ്രസീലിനു വേണ്ടി കളിക്കുന്ന നൂറാം മത്സരമായിരുന്നു ഇതെന്ന പ്രത്യേകത കൂടിയുണ്ട്. സിംഗപ്പൂരിലായിരുന്നു മത്സരം.