ഖത്തര്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. 90 മിനിട്ടും ഇന്‍ജുറി ടൈമിലും ഇരു ടീമും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്.
നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തിലേക്ക് ആക്രമണമഴിച്ചുവിട്ട ബ്രസീലിന് മുമ്പില്‍ പ്രതിബന്ധമായി നിന്നത് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമനിക് ലിവക്കോവിച്ചായിരുന്നു. ബ്രസീലിന്റെ എണ്ണം പറഞ്ഞ ഷോട്ടുകളെല്ലാം തന്നെ ലിവക്കോവിച്ച് എന്ന വന്‍മതില്‍ തട്ടി തകര്‍ന്നു.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലിവക്കോവിച്ചായിരുന്നു മത്സരത്തിലുടനീളം ക്രൊയേഷ്യയെ തോളിലേറ്റിയത്.
ആദ്യ പകുതിയിലും ലിവക്കോവിച്ച് തന്റെ മാസ്മിരിക പ്രകടനം പുറത്തെടുത്തിരുന്നു.
ഒരുവശത്ത് ലിവക്കോവിച്ചായിരുന്നു ബ്രസീലിനെ തടഞ്ഞു നിര്‍ത്തിയതെങ്കില്‍ മറുവശത്ത് ബ്രസീലിന്റെ ഡിഫന്‍സായിരുന്നു ക്രൊയേഷ്യന്‍ അറ്റാക്കിങ് നിരക്ക് മുമ്പില്‍ വന്‍മതില്‍ പണിതത്. 90 മിനിട്ട് അവസാനിച്ചപ്പോഴും ഗോള്‍ മുഖത്തേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ ക്രൊയേഷ്യക്ക് സാധിച്ചിട്ടില്ലായിരുന്നു.
12ാം മിനിറ്റില്‍ മുന്നിലെത്താനുള്ള അവസരം ഇവാന്‍ പെരിസിച്ച് പാഴാക്കിയില്ലായിരുന്നുവെങ്കില്‍ ബ്രസീലിനെ മറികടന്ന് സെമി ഫൈനലില്‍ പ്രവേശിക്കാനും ക്രൊയേഷ്യക്ക് സാധിക്കുമായിരുന്നു.
ആദ്യ പകുതിയില്‍ ക്രൊയേഷ്യയാണ് കളമറിഞ്ഞ് കളിച്ചതെങ്കിലും രണ്ടാം പകുതിയില്‍ കാനറികള്‍ ആധിപത്യം പുലര്‍ത്തി. 15 ഷോട്ടുകളും എട്ട് ഷോട്ട് ഓണ്‍ ടാര്‍ഗെറ്റും ബ്രസീലിനുണ്ടായിരുന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
എക്‌സ്ട്രാ ടൈമിലും സമനിലയില്‍ കളിയവസാനിക്കുകയാണെങ്കില്‍ മറ്റൊരു പെനാല്‍ട്ടി ഷൂട്ടൗട്ടിനാകും എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ആദ്യ ക്വാര്‍ട്ടറില്‍ വിജയിക്കുന്ന ടീം ഡിസംബര്‍ പത്ത് പുലര്‍ച്ച നടക്കുന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് രണ്ടാം ക്വാര്‍ട്ടറിലെ വിജയികളെ നേരിടും.
Content Highlight: Brazil vs Croatia quarter final match update