| Friday, 9th December 2022, 9:59 pm

കപ്പുയര്‍ത്താന്‍ പോകുന്നത് ക്രൊയേഷ്യയോ ബ്രസീലോ? കഴിഞ്ഞ ലോകകപ്പുകള്‍ പറയുന്നതിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗോള്‍ രഹിതമായി തുടര്‍ന്ന ആദ്യ പകുതിയില്‍ ഇരുടീമുകളും കൊണ്ടും കൊടുത്തും മുന്നേറുകയാണ്. ആദ്യ പകുതിയില്‍ ബോള്‍ പൊസഷനിലും ഷോട്‌സിലുമെല്ലാം തന്നെ കട്ടക്ക് കട്ടയായാണ് ഇരു ടീമും കളിച്ചുകൊണ്ടിരിക്കുന്നത്.

അല്‍പം റഫായ കളി തന്നെയാണ് ഇരു ടീമും പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ആദ്യ പകുതിയില്‍ തന്നെ 17 ഫൗളാണ് ഇരു ഭാഗത്ത് നിന്നും പിറന്നത്. ഫൗളിന്റെ എണ്ണത്തില്‍ മുമ്പിലുള്ളത് ക്രൊയേഷ്യയാണ്. ഇരുടീമും ഓരോ യെല്ലോ കാര്‍ഡും വഴങ്ങിയിട്ടുണ്ട്.

ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ വിജയികളാരാണെന്നറിയാനാണ് കായികലോകം കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ജയിച്ച ടീമാണ് കപ്പുയര്‍ത്തിയതെന്നതുതന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

2014ലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനി ഫ്രാന്‍സിനെയായിരുന്നു നേരിട്ടത്. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനി ഫ്രാന്‍സിനെ തോല്‍പിക്കുകയും ഫൈനലില്‍ അര്‍ന്റീനയെ കീഴടക്കി കപ്പുയര്‍ത്തുകയും ചെയ്തിരുന്നു.

2018 റഷ്യ ലോകകപ്പിലേക്ക് വരുമ്പോള്‍ ആദ്യ ക്വാര്‍ട്ടറിലെ ജേതാക്കളായ ഫ്രാന്‍സ് തന്നെയായിരുന്നു കപ്പുയര്‍ത്തിയതും. അന്ന് എതിരില്ലാത്ത രണ്ട് ഗോളിന് ഉറുഗ്വേയെയായിരുന്നു ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കീഴടക്കിയത്.

ഇത് ആറാം തവണ മാത്രമാണ് ബ്രസീല്‍ ക്രൊയേഷ്യയെ നേരിടുന്നത്. ഇതില്‍ മൂന്നാം തവണയാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.

2006 ലോകകപ്പിലായിരുന്നു ആദ്യ മത്സരം. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ ജയിക്കുകയായിരുന്നു. കക്കയായിരുന്നു ബ്രസീലിനായി അന്ന് ഗോള്‍ നേടിയത്.

2014ല്‍ നടന്ന ലോകകപ്പിലായിരുന്നു രണ്ടാമത്തെ ഏറ്റുമുട്ടല്‍. അന്നും ബ്രസീല്‍ തന്നെ ജയിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ക്രൊയേഷ്യയെ ബ്രസീല്‍ കീഴടക്കിയിരുന്നത്. നെയ്മര്‍ അന്ന് ഇരട്ട ഗോളുകള്‍ നേടി.

അതിന് ശേഷം 2018ല്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലും ക്രൊയേഷ്യയും വീണ്ടും ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീല്‍ ജയിക്കുകയും ചെയ്തു. ഇരു ടീമുകളും ഒടുവില്‍ ഏറ്റുമുട്ടിയത് 2018 മാര്‍ച്ച് ആറിനാണ്. അപ്പോഴും ജയം ബ്രസീലിന് ഒപ്പമായിരുന്നു.

ഇരുടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടം എടുത്തു നോക്കുമ്പോള്‍ ബ്രസീലിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Brazil vs Croatia quarter final match

We use cookies to give you the best possible experience. Learn more