ഫുട്‌ബോളുമായി അഗാധമായ പ്രണയത്തിലായവരാണ് ലാറ്റിനമേരിക്കക്കാര്‍. കളിക്കളത്തില്‍ കാലുകൊണ്ട് കവിതയെഴുതുന്നവര്‍. തുകല്‍ പന്ത് കാലില്‍ കുരുക്കി മൈതാനത്ത് നൃത്തം ചവിട്ടുന്നവര്‍. ഫുട്‌ബോളുമായി ഇത്രമേല്‍ ഇഴുകിചേര്‍ന്നവര്‍ വേറെയുണ്ടാവില്ല. അങ്ങിനെയുള്ള രണ്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ലോകക്കപ്പ് വേദിയില്‍ ശനിയാഴ്ച നേര്‍ക്കുനേര്‍ പോരിനിറങ്ങുകയാണ്. ബ്രസീലും ചിലിയും.
ലോകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇരുടീമുകളും പരസ്പരം മത്സരിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. ബെലോ ഹൊറിസോണ്ടയില്‍ കാല്‍പന്ത് കളിയുടെ കാല്‍പ്പനിക സൗന്ദര്യം മുഴുവന്‍ വിരിയുന്ന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് അവര്‍. പരസ്പരമുള്ള ഏറ്റ് മുട്ടലുകളിലെ കണക്കുകളില്‍ ബ്രസീലാണ് മുമ്പില്‍.
ഇത് വരെ 16 തവണ ഇരുവരും ഏറ്റ് മുട്ടിയിട്ടുണ്ട്. അതില്‍ പതിമൂന്നിലും ജയം ബ്രസീലിനൊപ്പം നിന്നു. ഒര് തവണ മാത്രമാണ് ചിലിക്ക് ജയിക്കാനായത്. രണ്ട് മത്സരം സമനിലയിലായി. 2000 ലോകക്കപ്പ് യോഗ്യതാ റൗണ്ടിലായിരുന്നു ബ്രസീല്‍ ചിലിയില്‍ നിന്ന് പരാജയം ഏറ്റ് വാങ്ങിയത്. അതിന് ശേഷം 12 തവണ ഏറ്റ് മുട്ടിയപ്പോള്‍ പത്തിലും കാനറികള്‍ വിജയിച്ചു.
ലോകപ്പിലെ റെക്കോര്‍ഡിലും ബ്രസീല്‍ ഏറെ മുന്നിലാണ്. ഇത് വരെ ലോകക്കപ്പ് ഫൈനല്‍സില്‍ ചിലിയോട് ബ്രസീല്‍ പരാജയപ്പെട്ടിട്ടില്ല. മൂന്ന് തവണ ഏറ്റ് മുട്ടിയപ്പോള്‍ മൂന്ന് തവണയും ബ്രസീലിനായിരുന്നു ജയം. 1962ല്‍ ചിലി ആതിഥേയത്വം വഹിച്ച ലോകക്കപ്പിന്റെ സെമിഫൈനലില്‍ ചിലിയെ തകര്‍ത്താണ് ബ്രസീല്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. 4-2നായിരുന്നു അന്ന് ജയം.
പിന്നീട് 1998. 2010 ലോകക്കപ്പുകളിലും പ്രീക്വാര്‍ട്ടറില്‍ ജയം ബ്രസീലിനൊപ്പം നിന്നു. കഴിഞ്ഞ ലോകപ്പില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സെലക്കാവോകള്‍ ജയിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് സൗഹൃദമത്സരങ്ങളിലെ കണക്കുകളും ബ്രസീലിനനുകൂലമാണ്. 2013 ഏപ്രിലില്‍ ഇന്ന് കളി നടക്കുന്ന ബെലോ ഹൊറിസോണ്ടയില്‍ നടന്ന മത്സരം സമനിലയായി. ഇരു ടീമും 2 ഗോള്‍ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.
എന്നാല്‍ അതിനു ശേഷം നവംബറില്‍ കാനഡയില്‍ വച്ച് നടന്ന മത്സരത്തില്‍ ബ്രസീല്‍ വിജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കാനറികള്‍ ജയിച്ചു കയറിയത്. റെക്കോര്‍ഡു ബുക്കിലെ കണക്കുകള്‍ ബ്രസീലിന് അനുകൂലമാണെങ്കിലും ഇന്ന് ബ്രസീലിന് ജയിക്കണമെങ്കില്‍ നന്നായി വിയര്‍ക്കേണ്ടി വരും. ഈ ലോകക്കപ്പിലെ ഇത് വരെയുള്ളചിലിയുടെ പ്രകടനം അതാണ് സാക്ഷ്യപ്പെടുത്തുന്നത്.
നിലവിലെ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെയും ഓസ്‌ട്രേലിയയെയും തകര്‍ത്താണ് അവരുടെ വരവ്.ഹോളണ്ടിനെതിരായ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിലും മികച്ച പ്രകടനമായിരുന്നു ചിലിയുടേത്. രണ്ട് ഗോളിന് പരാജയപ്പെട്ടെങ്കിലും മത്സരത്തിലുടനീളം നന്നായി കളിക്കാന്‍ ചിലിക്കായിരുന്നു. മ്ത്സരത്തില്‍ 64 ശതമാനം ബോള്‍ പൊസിഷന്‍ ചിലിക്കായിരുന്നു. ആദ്യ പകുതിയില്‍ ഇത് എഴുപത് ശതമാനമായിരുന്നു.
അവസാന നിമിഷങ്ങളില്‍ വീണ ഗോളുകള്‍ക്കായിരുന്നു ചിലിയുടെ പരാജയം. എതിരാളികളെ പേടിക്കാതെ പോരാടാന്‍ കഴിയുന്നതാണ് ചിലിയുടെ ഒരു പ്ലസ്സ് പോയന്റ്. ഹോളണ്ടിനും സ്‌പെയിനിനുമെതിരായ മത്സരത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അത് കണ്ടതുമാണ്. ഇന്ന് ബ്രസീലിനെതിരെയും ആ പോരാട്ട മികവ് ചിലി പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.