| Thursday, 16th March 2023, 1:35 pm

ലോകകപ്പ് നേടിയ അർജന്റീനയോട് പ്രതികാരം ചെയ്യാൻ ബ്രസീൽ ഇറങ്ങുന്നു; മത്സരം ബ്രസീലിൽ വെച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

2022ലെ ഫിഫ ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ലോകകിരീടം നേടി അപ്രതീക്ഷിത തിരിച്ചു വരവ് നടത്തിയ ടീമാണ് അർജന്റീന.

മെസിയും സംഘവും ഖത്തറിൽ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടതോടെ നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ബ്യൂനസ് ഐറിസിലേക്ക് ലോക കിരീടമെത്തി.

എന്നാൽ ബ്രസീലിനെ തോൽപ്പിച്ച് കഴിഞ്ഞ കോപ്പാ അമേരിക്ക കിരീടം സ്വന്തമാക്കിയതിന് ശേഷം വീണ്ടും ബ്രസീൽ ടീമിനെ നേരിടാനായി ഒരുങ്ങുകയാണ് അർജന്റീന.ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായാണ് ബ്രസീൽ ടീം അർജന്റീനയെ നേരിടുന്നത്. നവംബർ മാസത്തിലാണ് ബ്രസീലിൽ വെച്ച് അർജന്റീന-ബ്രസീൽ മത്സരം നടക്കുന്നത്.

മറക്കാനയിൽ വെച്ച് ബ്രസീലിനെ തകർത്ത് കോപ്പാ അമേരിക്ക കിരീടം സ്വന്തമാക്കിയ അർജന്റീനയോട് പകരം ചോദിക്കാനുള്ള സുവർണാവസരമാണ് ബ്രസീലിന് കൈവന്നിരിക്കുന്നത്.

ലോകകപ്പിന് ശേഷം പരിശീലകൻ ടിറ്റെ രാജിവെച്ച ബ്രസീൽ ടീമിനെ നയിക്കാൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുമ്പ് പുതിയ പരിശീലകൻ എത്തിച്ചേരും. അങ്ങനെയെങ്കിൽ പുതിയ പരിശീലകന് കീഴിൽ വ്യത്യസ്തമായൊരു കളി ശൈലിയിലായിരിക്കും അർജന്റീനക്കെതിരെ ബ്രസീൽ മത്സരിക്കാനിറങ്ങുക.

അതേസമയം മാർച്ച് 26ന് ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ മൊറോക്കൊക്കെതിരെയാണ് ബ്രസീൽ ടീമിന്റെ അടുത്ത മത്സരം.

മാർച്ച് 23ന് പനാമക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. മാർച്ച് 28ന് കുറകാവോയെ മെസിയും സംഘവും നേരിടും.

Content Highlights: brazil vs argentina next match date are fixed

We use cookies to give you the best possible experience. Learn more