| Wednesday, 3rd July 2019, 12:32 pm

ഓ ജീസസ്.... ഓ മിശിഹാ

സ്പോര്‍ട്സ് ഡെസ്‌ക്

റൊസാരിയോ തെരുവിലെ മാന്ത്രികന്‍ വീണ്ടും നിശബ്ദന്‍. കോപ അമേരിക്കയിലെ ആദ്യ സെമിയിലെ ക്ലാസിക് പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് ബ്രസീലിനോട് തോല്‍വി. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ബ്രസീല്‍ ഫൈനലിലെത്തിയത്.

പത്തൊമ്പതാം മിനിട്ടില്‍ ഗബ്രിയേല്‍ ജീസസും എഴുപത്തൊന്നാം മിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നത്. സെമിയിലും ആധികാരിക പ്രകടനമാണ് ആതിഥേയര്‍ പുറത്തെടുത്തത്. മൂന്ന് ഷോട്ടുകളായിരുന്നു മഞ്ഞപ്പട ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തത്.

മറുവശത്ത് രണ്ട് ഷോട്ടുകളായിരുന്നു അര്‍ജന്റീനക്കാര്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തത്. എന്നാല്‍ ഒന്നും ഫലം കണ്ടുമില്ല.

മത്സരത്തിന്റെ 19-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍, ജീസസിന്റെ വക. പിന്നീട് അര്‍ജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തെ മറികടന്ന് സമനില ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. അതിനിടെ ഒപ്പമെത്താന്‍ ഒരവസരം ലഭിച്ചെങ്കിലും ക്രോസ്ബാറില്‍ തട്ടി പന്ത് പുറത്തുപോയി.

65-ാം മിനിറ്റില്‍ ലഭിച്ച മികച്ച ഗോള്‍ അവസരം മുതലാക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കും ആവാതെ പോയപ്പോള്‍, നീലപ്പട തോല്‍വി സമ്മതിച്ചവരെപ്പോലെയായി കളത്തില്‍. കളി അവസാനിക്കാനിരിക്കെ ബ്രസീല്‍ ഫിര്‍മിനോയിലൂടെ അര്‍ജന്റീനന്‍ വല കുലുക്കി.

അഞ്ച് തവണ ലോകകപ്പ് നേടിയിട്ടുള്ള ബ്രസീല്‍ എട്ട് തവണയാണ് കോപ്പ അമേരിക്കയില്‍ ചാമ്പ്യന്‍മാരായത്. രണ്ട് ലോകകിരീടം മാത്രമുള്ള അര്‍ജന്റീന 14 തവണ കോപ്പ അമേരിക്കയില്‍ മുത്തമിട്ടിട്ടുണ്ട്.

എന്നാല്‍ 1993 ന് ശേഷം കോപ്പയില്‍ കിരീടം നേടാന്‍ നീലപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ ബ്രസീല്‍ നാല് തവണയാണ് ചാമ്പ്യന്‍മാരായത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു അര്‍ജന്റീന. നാളെ നടക്കുന്ന ചിലി-പെറു മത്സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.

സ്പോര്‍ട്സ് ഡെസ്‌ക്