ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത; ബ്രസീൽ-അർജന്റീന സെമിഫൈനലിന് സാധ്യത
2022 FIFA World Cup
ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത; ബ്രസീൽ-അർജന്റീന സെമിഫൈനലിന് സാധ്യത
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd December 2022, 7:17 pm

ഖത്തർ ലോകകപ്പ് ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങൾ മുഴുവൻ പൂർത്തിയാക്കുമ്പോൾ കിരീട സ്വപ്നവുമായി ഖത്തറിന്റെ മണ്ണിലേക്കെത്തിയ 32 ടീമുകളിൽ 16 ടീമുകൾ പ്രീ ക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്. ഡിസംബർ മൂന്നിന് തുടങ്ങി ഡിസംബർ ഏഴിന് പൂർത്തിയാകുന്ന തരത്തിലാണ് ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രീ ക്വാർട്ടർ വിജയിക്കുന്ന എട്ട് ടീമുകൾ ഡിസംബർ ഒൻപത് മുതൽ പതിനൊന്ന് വരെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടുകയും അതിൽ നിന്ന് വിജയിക്കുന്ന നാല് ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത കരസ്ഥമാക്കുകയും ചെയ്യും.

ഡിസംബർ 14നും 15നുമായി നടക്കുന്ന സെമിഫൈനൽ മത്സരങ്ങൾ വിജയിക്കാൻ സാധിക്കുന്ന രണ്ട് ടീമുകളാകും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഡിസംബർ 18 ന് ഇന്ത്യൻ സമയം രാത്രി 8:30 ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുക.

അന്ന് വിജയിക്കാൻ സാധിക്കുന്ന ടീം ഖത്തറിന്റെ മണ്ണിൽ നിന്നും ലോകകിരീടവും സ്വന്തമാക്കി ജന്മനാട്ടിലേക്ക് പറക്കും.

പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ക്വാർട്ടർ, സെമി ഫൈനൽ പോരാട്ടങ്ങളിൽ ആരാധകർ കാത്തിരുന്ന നിരവധി മത്സരങ്ങൾക്ക് സാധ്യതയുണ്ട്. നെതർലൻഡ്സ്-യു.എസ്.എ പ്രീ ക്വാർട്ടർ മത്സര വിജയികൾ അർജന്റീന-ഓസ്ട്രേലിയ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ വിജയിക്കുന്ന ടീമിനെയാണ് ക്വാർട്ടർ ഫൈനലിൽ നേരിടേണ്ടത്. പ്രീ ക്വാർട്ടറിൽ വിജയിക്കാൻ സാധിച്ചാൽ നെതർലൻഡ്സിനെയോ, യു.എസ്.എ യോ ആയിരിക്കും അർജന്റീനക്ക് ക്വാർട്ടർ ഫൈനലിൽ നേരിടേണ്ടി വരിക.

ജപ്പാൻ -ക്രൊയേഷ്യ, ബ്രസീൽ-കൊറിയ എന്നീ മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകളാകും ക്വാർട്ടർ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുക. കൊറിയയോട് വിജയിക്കാൻ സാധിച്ചാൽ മറ്റൊരു ഏഷ്യൻ ടീമായ ജപ്പാനെയോ, ക്രൊയേഷ്യയെയോ ബ്രസീലിന് ക്വാർട്ടറിൽ എതിരാളികളായി ലഭിക്കും.

ഇംഗ്ലണ്ട്-സെനഗൽ ഫ്രാൻസ്-പോളണ്ട് പ്രീ ക്വാർട്ടർ മത്സര വിജയികളാണ് ക്വാർട്ടർ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുക. ഇംഗ്ലണ്ടിനും ഫ്രാൻസിനും പ്രീ ക്വാർട്ടർ മത്സരങ്ങൾ വിജയിക്കാൻ സാധിച്ചാൽ ക്വാർ ട്ടർ ഫൈനലിൽ യൂറോപ്യൻ ശക്തികളായ ഇംഗ്ലണ്ട്-ഫ്രാൻസ് വമ്പൻ പോരാട്ടം പ്രതീക്ഷിക്കാം.

മൊറോക്കോ-സ്പെയ്ൻ പോർച്ചുഗൽ-സ്വിറ്റ്സർലൻഡ് മത്സര വിജയികളാകും ക്വാർട്ടറിൽ പരസ്പരം ഏറ്റുമുട്ടുക. സ്പെയ്ൻ, പോർച്ചുഗൽ എന്നിവർക്ക്‌ പ്രീ ക്വാർട്ടർ കടക്കാൻ സാധിച്ചാൽ യുവേഫ നേഷൻസ് ലീഗിന് ശേഷം സ്പെയ്ൻ-പോർച്ചുഗൽ മത്സരത്തിന് അരങ്ങൊരുങ്ങും.

പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ബ്രസീലിനും അർജന്റീനക്കും സാധിച്ചാൽ ലോകം കാത്തിരിക്കുന്ന വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങും ബ്രസീൽ-അർജന്റീന എന്നീ ടീമുകളാകും സെമിഫൈനലിൽ പരസ്പരം ഏറ്റുമുട്ടുക.

അങ്ങനെയെങ്കിൽ 2021 കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്ന മേജർ ടൂർണമെന്റ് കൂടിയാകും 2022 ഖത്തർ ലോകകപ്പ്.

അർജന്റീന-ബ്രസീൽ സൂപ്പർ പോരാട്ടത്തിനൊപ്പം ഇംഗ്ലണ്ട്-സ്പെയ്ൻ, ഇംഗ്ലണ്ട്-പോർച്ചുഗൽ, ഫ്രാൻസ്-സ്പെയ്ൻ, ഫ്രാൻസ്-പോർച്ചുഗൽ മുതലായ ടീമുകൾ തമ്മിലുള്ള സെമി പോരാട്ടങ്ങൾക്കും ഖത്തർ ലോകകപ്പ് വേദിയായേക്കാം.

Content Highlights:brazil v/s argentina semifinal will be possible in qatar world cup