ബ്രസീലില്‍ എക്‌സിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൂന്ന് മില്യണ്‍ ഡോളര്‍ പിഴയായി പിടിച്ചെടുത്ത് സുപ്രീം കോടതി
World News
ബ്രസീലില്‍ എക്‌സിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൂന്ന് മില്യണ്‍ ഡോളര്‍ പിഴയായി പിടിച്ചെടുത്ത് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2024, 7:08 pm

റിയോ: യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൂന്ന് മില്ല്യണ്‍ ഡോളര്‍ പിഴയായി ഈടാക്കി ബ്രസീല്‍ സുപ്രീം കോടതി. പിഴയിനത്തില്‍ 3.3 മില്യണ്‍ ഡോളര്‍ കൈമാറാന്‍ ഉത്തരവിട്ടതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടര്‍ ഡി മൊറേസ് എക്സിന്റെയും സ്റ്റാര്‍ലിങ്കിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി അസാധുവാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് മാസം അവസാനത്തില്‍ ബ്രസീലില്‍ എക്‌സിന്റെ പുതിയ ലീഗല്‍ പ്രതിനിധിയെ നിയമിക്കാനുള്ള കോടതി ഉത്തരവുകള്‍ പാലിക്കാത്തതിനാല്‍ ബ്രസീലില്‍ ചീഫ് ജസ്റ്റിസ് അലക്സാണ്ട്രെ ഡി മൊറേസ് വിലക്കിയിരുന്നു.

കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും പാലിച്ച് പിഴകള്‍ എല്ലാം അടച്ചതിനുശേഷം മാത്രമെ ഇനി എക്‌സിന്റെ പ്രവര്‍ത്തനം ബ്രസീലില്‍ അനുവദിക്കുകയുള്ളു എന്നും വിധി ന്യായത്തില്‍ പറയുന്നുണ്ട്. എന്നാല്‍ എക്‌സിന് വിലക്കേര്‍പ്പെടുത്തുമെന്ന് അലക്സാണ്ട്രോ ഉത്തരവിട്ടതിന് പിന്നാലെ അദ്ദേഹത്തിനെ അപഹസിച്ചുകൊണ്ടുള്ള എ.ആ നിര്‍മിത ചിത്രങ്ങള്‍ മസ്‌ക് എക്‌സില്‍ പങ്ക് വെച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

തീവ്ര വലതുപക്ഷ നേതാവും മുന്‍ ബ്രസീല്‍ പ്രസിഡന്റുമായ ജൈര്‍ ബൊല്‍സൊനാരോയുടെ ഭരണകാലത്ത് വ്യാജവാര്‍ത്തകളും വിദ്വേഷപ്രയോഗങ്ങളും പ്രചരിപ്പിച്ച ചില അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് ഇലോണ്‍ മസ്‌കും ബ്രസീല്‍ നീതിപീഠവും തമ്മിലുള്ള തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ കോടതി ഉത്തരവ് പാലിക്കാതെ എക്സ് അതിന് വിപരീതമായി അക്കൗണ്ടുകള്‍ സജീവമാക്കാനുള്ള നിലപാട് സ്വീകരിച്ചതോടെ മസ്‌കിനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

രാജ്യത്ത് എക്‌സ് നിരോധിച്ചതിന് പിന്നാലെ ആപ്പിളും ഗൂഗിളും പോലുള്ള കമ്പനികളോട് അവരുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് എക്‌സ് നീക്കം ചെയ്യുന്നതിന്‍ കോടതി ഉത്തരവിട്ടിരുന്നു. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് സിസ്റ്റങ്ങളില്‍ ആപ്പിന്റെ ഉപയോഗം നിര്‍ത്തലാക്കുന്നതിനായി കമ്പനികള്‍ക്ക് ചീഫ് ജസ്റ്റിസ് അഞ്ച് ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ വേണ്ടി വി.പി.എന്‍ പോലുള്ള വഴികള്‍ ഉപയോഗിക്കുന്നവര്‍ക്കും പിഴ ചുമത്തുമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

ഇതാദ്യമായല്ല മറ്റ് രാജ്യങ്ങളിലെ ഭരണകൂടവുമായും നേതാക്കളുമായും മസ്‌ക് കൊമ്പുകോര്‍ക്കുന്നത്. ജൂലൈയില്‍ വെനസ്വേലയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായും അതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കൈര്‍ സ്റ്റാര്‍മറുമായും മസ്‌ക് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Content Highlight: Brazil supreme court seizes Elon musk’s X money