| Sunday, 14th August 2022, 11:52 am

കുടുംബത്തെയടക്കം കൊന്നുകളയും, അതില്‍ ഒരു സംശയവും വേണ്ട; ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് സ്വന്തം നാട്ടില്‍ നിന്നും വധഭീഷണി

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീല്‍ ദേശീയ ടീമിന്റെ സൂപ്പര്‍ താരങ്ങളില്‍ പ്രധാനിയാണ് വില്യന്‍. ഒട്ടും അനുസരണയില്ലാത്ത തന്റെ മുടിയുമായി മൈതാനത്തുടനീളം ഓടി നടക്കുന്ന, കളിമികവിനാല്‍ ഇന്ദ്രജാലം തീര്‍ക്കുന്ന വില്യന്‍ ആരാധകര്‍ക്കെന്നും കാനറികളിലെ പ്രിയപ്പെട്ടവന്‍ തന്നെയായിരുന്നു.

ക്ലബ്ബ് ഫുട്‌ബോളിലും വില്യന്‍ തന്റെ കളിമികവ് പലപ്പോഴായി പുറത്തെടുത്തിട്ടുണ്ട്. പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി, ആഴ്‌സണല്‍ തുടങ്ങിയ സൂപ്പര്‍ ടീമുകള്‍ക്ക് വേണ്ടിയും വില്യന്‍ ബൂട്ടുകെട്ടിയിട്ടുണ്ട്.

എന്നാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തി, മുമ്പ് കളിച്ചിരുന്ന കോറിന്ത്യന്‍സിന് വേണ്ടി ഒരിക്കല്‍ക്കൂടി ഗോളടിച്ചുകൂട്ടണം എന്ന താരത്തിന്റെ ആഗ്രഹം തിരിച്ചടിയാവുകയായിരുന്നു.

തങ്ങളുടെ ദേശീയ ഹീറോയായ വില്യന്റെ മടങ്ങിവരവില്‍ മതിമറന്നാഘോഷിച്ച ആരാധകരെ തൃപ്തിപ്പെടുത്താന്‍ പോന്ന പ്രകടനമായിരുന്നില്ല വില്യന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെ തലയിലേറ്റി നടന്ന ആരാധകര്‍ തന്നെ വില്യനെ ചവിട്ടിക്കൂട്ടുകയായിരുന്നു.

ഇതോടെ നിരന്തരമായ അധിക്ഷേപങ്ങളാണ് താരത്തിന് ഏല്‍ക്കേണ്ടി വന്നത്. അധിക്ഷേപങ്ങള്‍ക്ക് പുറമെ വധഭീഷണിയും വില്യന് നേര്‍ക്ക് ഉയര്‍ന്നിരുന്നു.

ഇതോടുകൂടി താരം ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. വില്യന്‍ തന്നെയാണ് ഇക്കാര്യം പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോയെ അറിയിച്ചിരിക്കുന്നതും.

‘നിരന്തരമായ ഭീഷണികള്‍ കാരണമാണ് ഞാന്‍ ക്ലബ്ബ് വിടുന്നത്. പ്രത്യേകിച്ചും എന്റെ കുടുംബത്തിനെതിരെ അവര്‍ ഭീഷണി മുഴക്കുന്നു. ഇത്തരം ഭീഷണികള്‍ ഒരിക്കല്‍ പോലും അവസാനിക്കാന്‍ പോകുന്നില്ല.

കോറിന്ത്യന്‍സ് പരാജയപ്പെടുകയോ എനിക്ക് നന്നായി കളിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ സോഷ്യല്‍ മീഡിയയില്‍ എനിക്കും എന്റെ കുടുംബത്തിനും നിരന്തരമായ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നു. എന്റെ അച്ഛനെയും സഹോദരിയെയും ഭാര്യയെയും കുട്ടികളെയും പോലും അവര്‍ വെറുതെ വിടുന്നില്ല.

കോറിന്ത്യന്‍സിന് വേണ്ടി കളിക്കാനാണ് ഞാന്‍ ഇവിടേക്ക് തിരിച്ചെത്തിയത്. ഇവിടെ കളിക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെ കുറിച്ചെനിക്കറിയാം. വിമര്‍ശനങ്ങളെ ഞാന്‍ അംഗീകരിക്കുന്നുണ്ട്, എന്നാല്‍ ഭീഷണികളെ എനിക്കൊരിക്കലും അത്തരത്തില്‍ കാണാന്‍ സാധിക്കില്ല.

എല്ലാവരുമില്ല, എന്നാല്‍ ഒരുകൂട്ടം ആരാധകരാണ് ഇതിന് പിന്നില്‍. അവരുടെ പ്രവര്‍ത്തികള്‍ എനിക്കും എന്റെ കുടുംബത്തിനുമുണ്ടാക്കുന്ന മാനസികാഘാതങ്ങള്‍ ചെറുതല്ല,’ വില്യന്‍ പറയുന്നു.

കോറിന്ത്യന്‍സിന് വേണ്ടി കളിച്ച 45 മത്സരത്തില്‍ നിന്നും ഒറ്റ ഗോള്‍ മാത്രമാണ് വില്യന് നേടാനായത്. ആറ് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇനി ഇവിടെയില്ലെന്നും ഇംഗ്ലണ്ടിലേക്ക് പോകാനാണ് തന്റെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Brazil super star Willian gets death threat from fans

We use cookies to give you the best possible experience. Learn more