ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രസീല്‍ ക്യാമ്പില്‍ വീണ്ടും ആശങ്ക. പരിശീലനത്തിനിടെ രണ്ട് പ്രധാന താരങ്ങള്‍ക്ക് പരിക്കേറ്റതോടെയാണ് ലോകകപ്പിന് മുമ്പ് തന്നെ ബ്രസീല്‍ ക്യാമ്പില്‍ ആശങ്ക പടര്‍ന്നിരിക്കുന്നത്.
മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗീമറൈസ്, ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലെസ് എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രാക്ടീസ് സെഷനിലായിരുന്നു ഇരുവര്‍ക്കും പരിക്കേറ്റത്.
ബ്രസീലിന്റെ ന്യൂകാസില്‍ താരം ഗീമറൈസ് ടിറ്റെയുടെ ടീമിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. ല്യോണില്‍ നിന്നും 40 മില്യണ്‍ പൗണ്ടിന് ന്യൂകാസിലിലെത്തിയ താരം മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവെക്കുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ സെവിയക്ക് വേണ്ടിയാണ് ടെല്ലസ് കളിക്കുന്നത്.
ഈവെനിങ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കഴിഞ്ഞ ദിവസം (16/11/22) ബ്രസീല്‍ ക്യാമ്പില്‍ നടന്ന പരിശീലനത്തിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റിരിക്കുന്നത്.
ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയുടെ ചവിട്ടേറ്റാണ് ഗീമറൈസിന് പരിക്കേറ്റിരിക്കുന്നത്. ഇതിന് പിന്നാലെ താരത്തിന് വൈദ്യസഹായം തേടേണ്ടതായും വന്നിരുന്നു. പ്രാക്ടീസ് സെഷന്‍ അവസാനിക്കും മുമ്പ് തന്നെ താരം പിച്ച് വിടുകയായിരുന്നു.
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ ടാക്ലിങ്ങിന് പിന്നാലെയാണ് ടെല്ലസിന് പരിക്കേറ്റതെന്നും ഈവനിങ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധനക്ക് ശേഷം ഇരുവരും ക്യാമ്പിലേക്ക് മടങ്ങിയെത്തുകയും സെഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
നവംബര്‍ 19ന് ഖത്തറിലേക്ക് തിരിക്കുന്നതിന് മുമ്പ് കൂടുതല്‍ പ്രാക്ടീസ് സെഷനുകള്‍ സംഘടിപ്പിക്കാന്‍ തന്നെയാണ് കോച്ച് ടിറ്റെ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തവണ ലോകകപ്പ് സ്വന്തമാക്കാന്‍ ഏറെ സാധ്യത കല്‍പിക്കുന്ന ടീമാണ് ബ്രസീല്‍. ശക്തമായ സ്‌ക്വാഡിനെ തന്നെയാണ് ടിറ്റെ അണിനിരത്തുന്നത്.
2022ല്‍, അവസാന കിരീടം നേടി കൃത്യം 20 വര്‍ഷം തികയുന്ന വേളയില്‍ വീണ്ടും ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകിലെത്താനാണ് ബ്രസീല്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ യൂറോപ്യന്‍ ടീമുകളുടെ അപ്രമാദിത്വം അവസാനിപ്പിച്ച് ലോകകപ്പ് വീണ്ടും ലാറ്റിനമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനാണ് ടിറ്റെയുടെ കുട്ടികള്‍ ഖത്തറിലേക്ക് പറക്കുന്നത്. ഈ നൂറ്റാണ്ടില്‍ കിരീടം നേടിയ ഏക നോണ്‍ യൂറോപ്യന്‍ ടീമും ബ്രസീല്‍ മാത്രമാണ്.