ഫുട്‌ബോളിലെ വര്‍ണവെറിയും വംശീയ അധിക്ഷേപവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. താരങ്ങളെ മാനസികമായി തളര്‍ത്താനും കളിക്കളത്തില്‍ ഒന്നുമല്ലാതാക്കാനും എതിര്‍ ടീം കണ്ടെത്തിയ ഏറ്റവും എളുപ്പമുള്ളതും എന്നാല്‍ നെറികെട്ടതുമായ വഴിയായിരുന്നു വംശീയ അധിക്ഷേപം.
സൂപ്പര്‍ താരം മരിയോ ബലോട്ടെല്ലിയും ബുക്കോയാ സാക്കയുമെല്ലാം ഇത്തരത്തില്‍ അധിക്ഷേപം നേരിട്ടവരാണ്.
ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനും ഇത്തരത്തില്‍ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ലോകകപ്പിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിനീഷ്യസിന് ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടി വന്നത്.
സ്പാനിഷ് ലീഗില്‍ ഗോള്‍ സെലിബ്രേഷന്റെ ഭാഗമായി ഡാന്‍സ് കളിച്ചെന്നരോപിച്ചായിരുന്നു വിനീഷ്യസിനെ ഇത്തരക്കാര്‍ കുരിശിലേറ്റിയത്. താരത്തിന്റേത് തരം താണ നടപടിയാണെന്നായിരുന്നു ആരാധകരുടെ വാദം. ഒരു സ്പാനിഷ് ഏജന്റ് താരത്തെ കുരങ്ങനെന്ന് വിളിച്ചായിരുന്നു വിനീഷ്യസിനെ പരിഹസിച്ചത്.
താരങ്ങള്‍ക്ക് ഗോള്‍ സെലിബ്രേഷന്‍ നടത്താം പക്ഷേ ആരാധകരുടെ പ്രതികരണം എങ്ങനെയാകുമെന്ന് പറയാന്‍ സാധിക്കില്ല എന്നായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡ് താരം കോകേ പറഞ്ഞത്.
എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട സഹതാരത്തിന് പിന്തുണയുമായി ബ്രസീലിയന്‍ ടീം ഒന്നടങ്കം എത്തിയിരുന്നു. ഇതിന് പിന്നാലെ ഡാന്‍സ് കളിച്ചുകൊണ്ട് തന്നെയായിരുന്നു ബ്രസീല്‍ താരങ്ങളും വിനീഷ്യസിനെ പിന്തുണച്ചത്.
വംശീയതയോട് പോരാടാന്‍ ബ്രസീല്‍ ഖത്തര്‍ ലോകകപ്പിലും ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മത്സരത്തിന് മുമ്പ് ബ്രസീലിയന്‍ സൂപ്പര്‍ താരം റാഫീന്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്.
ലോകകപ്പില്‍ നേടുന്ന ഓരോ ഗോളും തങ്ങള്‍ ഡാന്‍സ് കളിച്ചുകൊണ്ടുതന്നെ ആഘോഷമാക്കുമെന്നാണ് റാഫീന്യ പറഞ്ഞത്. ഓരോ ഗോളും ആഘോഷിക്കാന്‍ ഓരോ ഡാന്‍സ് തങ്ങള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ഒരു മത്സരത്തിനായി പത്ത് ഡാന്‍സ് വരെ ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു റാഫീന്യ പറഞ്ഞത്.