ലോകകപ്പിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കവെ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരായ മെസിയെയും റൊണാള്‍ഡോയെയും കുറിച്ച് ബ്രസീല്‍ സൂപ്പര്‍ താരവും കാനറികളുടെ പ്രതിരോധനിരയിലെ വിശ്വസ്തനുമായ മാര്‍ക്വിന്യോസ്.
മെസിയയും റൊണാള്‍ഡോയെയും കേവലം രാജ്യങ്ങളുടെ പേരില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ സാധിക്കില്ലെന്നും അവര്‍ ഫുട്‌ബോളിന് ലഭിച്ച അനുഗ്രഹമാണെന്നും മാര്‍ക്വിന്യോസ് പറയുന്നു.
താരത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് മാര്‍ക്കയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘എനിക്ക് തോന്നുന്ന ഒരു കാര്യമെന്തെന്നാല്‍ മെസി കേവലം അര്‍ജന്റീനക്കാരന്‍ മാത്രമല്ല, റൊണാള്‍ഡോ പോര്‍ച്ചുഗീസും. അവര്‍ അതിലും അപ്പുറം പോയവരാണ്. അവര്‍ ഫുട്‌ബോളിന് തന്നെ ഒരു പ്രിവിലേജാണ്.
ഫുട്‌ബോള്‍ എന്ന ഈ കളിയെ ഇഷ്ടപ്പെടുന്നവരെയും, വിവിധ ടൂര്‍ണമെന്റുകളെയും മത്സരങ്ങളെയും സംബന്ധിച്ച് അവര്‍ വലിയൊരു നിധിയാണ്. അവര്‍ ഒരിക്കലും അവരുടെ രാജ്യത്തിന് മാത്രമായുള്ളതല്ല,’ മാര്‍ക്വിന്യോസ് പറയുന്നു.
‘നമ്മള്‍ അവരുടെ സാന്നിധ്യം തന്നെ ഇഷ്ടപ്പെടുന്നു. അവരുടെ കളി കാണുന്നത് തന്നെ സന്തോഷമാണ്. ഞാന്‍ നെയ്മറിനൊപ്പം കളിച്ചിട്ടുണ്ട്. മെസിക്കൊപ്പവും ഞാന്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. അവരുടെ സാന്നിധ്യം എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്.
ജീവിതം മുന്നോട്ട് പോകും, പുതിയ തലമുറകള്‍ വരും. പക്ഷേ, ഇക്കാര്യം നമ്മളാല്‍ കഴിയുന്ന വിധമെല്ലാം ആസ്വദിക്കണം,’ മാര്‍ക്വിന്യോസ് കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രകടനമാണ് മെസിയും റൊണാള്‍ഡോയും ഈ ലോകകപ്പില്‍ കാഴ്ചവെക്കുന്നത്. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ജയത്തോടെയായിരുന്നു പോര്‍ച്ചുഗല്‍ തുടങ്ങിയത്. ഗ്രൂപ്പ് എച്ചില്‍ ഘാനയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു റൊണാള്‍ഡോയുടെ പോര്‍ച്ചുഗീസ് പട ലോകകപ്പ് ക്യാമ്പെയ്‌ന് തുടക്കം കുറിച്ചത്.
രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം. മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ നേടുകയും ചെയ്തിരുന്നു. ഈ ഗോളിന് പിന്നാലെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.
അതേസമയം, തങ്ങളുടെ ആദ്യ മത്സരം തോറ്റുകൊണ്ടായിരുന്നു അര്‍ജന്റീന തുടങ്ങിയത്. സൗദി അറേബ്യയോടായിരുന്നു മുന്‍ ചാമ്പ്യന്‍മാര്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ പരാജയം. മെസിയായിരുന്നു അര്‍ജന്റീനയുടെ ഗോള്‍ സ്‌കോറര്‍.
എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവായിരുന്നു അര്‍ജന്റീന നടത്തിയത്. മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീന തകര്‍ത്തുവിട്ടത്. മെസി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
ഇതോടെ അഞ്ച് വ്യത്യസ്ത ലോകകപ്പില്‍ ഗോളിന് അവസരമൊരുക്കുന്ന ആദ്യ താരം എന്ന റെക്കോഡും മെസിയെ തേടിയെത്തിയിരുന്നു.