| Thursday, 26th June 2014, 7:26 pm

ബ്രസീല്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അനൂപ്. എം.ആര്‍

ബ്രസീലില്‍ നടക്കുന്ന 2014 ലോകകപ്പ് ലോകത്തിന് ഫുട്‌ബോള്‍ മൈതാനത്തെ സൌന്ദര്യം പരസ്യമായിരിക്കുമ്പോള്‍ രഹസ്യമായി അത് മൈതാനത്തിനു പുറത്തെ വൈരൂപ്യങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നു. ക്രൂരമായ പോലീസ് തന്ത്രങ്ങള്‍, പൂര്‍ത്തിയാകാത്ത സ്‌റ്റേഡിയങ്ങള്‍ പിന്നെ കോര്‍പ്പറേറ്റുകളുടെ ആര്‍ത്തി, അടിച്ചമര്‍ത്തപ്പെടുന്ന സാധാരണക്കാരന്റെ ശബ്ദങ്ങള്‍ എന്നിവയുടെ പ്രതീകം കൂടിയാണ് ബ്രസീല്‍ 2014. ഫുട്‌ബോള്‍ ഒരു വികാരമല്ല; മറിച്ച് എങ്ങനെ വില്‍ക്കപ്പെടണം എന്ന വിചാരമാണ് ബ്രസീലില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ലോകകപ്പ് ടെലിവിഷനില്‍ കണ്ടാസ്വദിക്കുന്ന ലോകത്തിന് ഫുട്‌ബോള്‍ എന്തെന്നില്ലാത്ത ആനന്ദമാണ്; പക്ഷേ സാധാരണക്കാരനായ (ഫുട്‌ബോള്‍ ആരാധകരായിരിക്കുമ്പോള്‍ തന്നെ) ബ്രസീലുകാരന് തങ്ങളുടെ ചിലവില്‍ നടക്കുന്ന ലോകകപ്പ് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത് എന്ന് മനസ്സിലാക്കാനാകാതെവന്നിട്ട് സമയം കുറച്ചായി.

ബ്രസീലിന്റെ തെരുവുകളില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ ടിയര്‍ ഗ്യാസുകളും സ്റ്റണ്‍ ഗ്രനേഡുകളും നിശ്ശബ്ദമാക്കുന്നുണ്ട്. മറക്കാനയ്ക്ക് ഒരു കിലോമീറ്റര്‍ മാത്രം അകലെ പ്രതിഷേധക്കാര്‍ക്കുനേരെ തോക്കുചൂണ്ടിനില്‍ക്കുന്ന പോലീസുകാരന്റെ ചിത്രം അസോസ്യേറ്റ് പ്രസ്സ് പുറത്തുവിടുമ്പോള്‍ അത് ലോകത്താകമാനമുള്ള സാധാരണ ജനതയ്ക്കുനേരെയുള്ളതുമാണ്.

ഫുട്‌ബോള്‍ എന്ന സൗന്ദര്യം അഥവാ ഒരു സാര്‍വ്വജനീന വികാരത്തെ സഹസ്രകോടി ആസ്തിയുള്ള ക്ലബ്ബുകളും രാജ്യങ്ങള്‍ വിലയ്ക്കുവാങ്ങാന്‍ ശേഷിയുള്ള കോര്‍പ്പറേറ്റുകളും ഹൈജാക്ക് ചെയ്തിട്ട് കാലം കുറേയായി. ബ്രസീലിയന്‍ കൈത്തറി, വസ്ത്രങ്ങള്‍, സംഗീതോപകരണങ്ങള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ സ്‌റ്റേഡിയങ്ങളില്‍ വിലക്കപ്പെട്ടു എന്നുതന്നെ പറയാം. പരസ്യസ്ഥലം “പാഴാക്കാതെ” കുത്തകകള്‍ക്ക് വിട്ടുകൊടുക്കുകയാണ് ബ്രസീലും ചെയ്തത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ലോകകപ്പിനെച്ചൊല്ലി അശാന്തമായ അന്തരീക്ഷമാണ് ബ്രസീലില്‍. നമ്മളെല്ലാം കളികണ്ട് അവനവന്റെ ജീവിതങ്ങളിലേയ്ക്ക് മറുചിന്തകളില്ലാതെ തിരിച്ചുപോകുമ്പോള്‍ പൊതുകടം കയറി അതിവേഗം മുങ്ങുന്ന ബ്രസീലിയന്‍ ജനതയ്ക്ക് എങ്ങനെ കേവലം ഫുട്ബാളിലേയ്ക്ക് തിരിച്ചുപോകാനാകും! ബ്രസീലുകാര്‍ക്കുവേണ്ടി നീക്കിവെച്ചിട്ടുള്ള ടിക്കറ്റുകള്‍ മിക്കവര്‍ക്കും അപ്രാപ്യമായ വിലയാണ്.

സ്‌റ്റേഡിയങ്ങള്‍ക്കു പുറത്ത് മണിക്കൂറുകള്‍ക്കുമുമ്പ് കാത്തിരിപ്പു തുടങ്ങുന്ന മഞ്ഞക്കുപ്പായക്കാരെ പടികൊട്ടിയടച്ച് പുറത്തുനിര്‍ത്തുമ്പോള്‍ വിദേശികള്‍ പോലീസ് സഹായത്തോടെ ചിരിച്ചുകൊണ്ട് അകത്തുകയറുന്നത് അവര്‍ കാണുന്നു. പ്രക്ഷോഭങ്ങളെയും പൊതുതാല്‍പര്യങ്ങേെളയും കാറ്റില്‍പ്പറത്തുന്ന ഭരണാധികാരമാണ് ലോകത്ത് ഇന്നത്തെ നിയമം.

ജേഴ്‌സിയണിഞ്ഞ ബ്രസീല്‍ ടീമിനെ ഫ്‌ലക്‌സ്‌ബോര്‍ഡ്/സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് എന്നിവയിലൂടെ സ്വന്തമാക്കിയ നമുക്ക് അവരുടെ ജനതയെക്കുറിച്ചറിയാനും ബാദ്ധ്യതയുണ്ട്.

We use cookies to give you the best possible experience. Learn more