ദുബായ്: ലാറ്റിനമേരിക്കന്‍ ഇതിഹാസ ടീമായ ബ്രസീല്‍ ഫിഫ റാങ്കിങ്ങിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍നിന്നു പുറത്ത്. ചരിത്രത്തില്‍ ആദ്യാമായാണ് ബ്രസീല്‍ ആദ്യപത്തില്‍ നിന്നും പുറത്താവുന്നത്
യൂറോകപ്പ് ഫുട്‌ബോളിനു പിന്നാലെ ഫിഫ പ്രസിദ്ധീകരിച്ച പുതിയ റാങ്ക് പട്ടികയില്‍ ബ്രസീല്‍ 11-ാം സ്ഥാനത്താണ്. 1993ല്‍ ഫിഫ റാങ്കിങ് നടപടിക്രമം ആരംഭിച്ചതിനുശേഷം ബ്രസീല്‍ ഇതുവരെ ആദ്യ പത്തില്‍ ഇടം പിടിച്ചിരുന്നു.
കഴിഞ്ഞ മാസം നടന്ന സൗഹൃദമല്‍സരങ്ങളില്‍ അര്‍ജന്റീനയോടും മെക്‌സിക്കോയോടും തോറ്റതാണു ബ്രസീലിന്റെ റാങ്കിങ്ങ് താഴാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിനുശേഷം, ഇതുവരെ ഒരു രാജ്യാന്തര മത്സരത്തിലും ബ്രസീല്‍ കളിച്ചിട്ടില്ല. റാങ്കിങ്ങില്‍ ടീം താഴെ പോകാന്‍ ഇതും ഒരു കാരണമായി.
യൂറോ ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തിയ സ്‌പെയിന്‍ റാങ്കിങ്ങിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി. സെമിയില്‍ ഇറ്റലിയോടു തോറ്റ ജര്‍മനിയാണു രണ്ടാം സ്ഥാനത്ത്. നേരത്തേ 12-ാം സ്ഥാനത്തായിരുന്ന ഇറ്റലി ആറാം സ്ഥാനത്തെത്തി. യൂറോകപ്പില്‍ നിന്നും ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായ ഹോളണ്ട് നാലാം സ്ഥാനത്തു നിന്നും എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ദക്ഷിണ അമേരിക്കന്‍ പ്രതിനിധികളില്‍, മൂന്നാം സ്ഥാനക്കാരായ യുറഗ്വായ് ആണു മുന്നില്‍. അര്‍ജന്റീന ഏഴാം സ്ഥാനത്തുണ്ട്. 164-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരു സ്ഥാനം കയറി 163ാം സ്ഥാനത്തെത്തി.