ബ്രസീലിയ: ജനുവരി എട്ടിന് ബ്രസീലില്‍ നടന്ന അക്രമസംഭവങ്ങളും കലാപവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോയെ കൂടി ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി ബ്രസീലിയന്‍ സുപ്രീംകോടതി.
പാര്‍ലമെന്റും സുപ്രീംകോടതിയുമടക്കമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ ബോള്‍സോനാരോയെ കൂടി ഉള്‍പ്പെടുത്താനാണ് ബ്രസീലിയന്‍ സുപ്രീം കോടതി ജഡ്ജി വെള്ളിയാഴ്ച തീരുമാനിച്ചത്.
ആയിരക്കണക്കിന് വരുന്ന ബോള്‍സോനാരോ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ ബോള്‍സോനാരോയെ ഉള്‍പ്പെടുത്തണമെന്ന് പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ബ്രസീലില്‍ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് ബോള്‍സൊനാരോ ഇതിനിടെ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന് നേരെയടക്കം നടന്ന അക്രമങ്ങളില്‍ തനിക്ക് പങ്കില്ലെന്നും നിലവില്‍ യു.എസില്‍ ചികിത്സയിലുള്ള മുന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു ബ്രസീലില്‍ പ്രസിഡന്റിന്റെ വസതിക്കും സുപ്രീംകോടതിക്കും പാര്‍ലമെന്റ് മന്ദിരത്തിനും നേരെ ബോള്‍സൊനാരോ അനുകൂലികളുടെ ആക്രമണമുണ്ടായത്.
തീവ്ര വലതുപക്ഷ നേതാവായ ബോള്‍സൊനാരോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് പേര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീംകോടതിയുടെയും മേല്‍ക്കൂരയിലേക്ക് കയറി ജനലുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു.
സൈന്യം ഇടപെട്ട് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ (Luiz Inácio Lula da Silva) സ്ഥാനത്ത് നിന്ന് പുറത്താക്കി ബോള്‍സൊനാരോയെ തിരികെ കൊണ്ടുവരണമെന്നും അക്രമികളില്‍ ചിലര്‍ ആവശ്യപ്പെട്ടു.
അക്രമം അഴിച്ചുവിട്ടത് മൂവായിരത്തോളം തീവ്ര വലതുപക്ഷക്കാരാണെന്നാണ് പ്രസിഡന്റ് ലുല പ്രതികരിച്ചത്. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ലുല വ്യക്തമാക്കി. പിന്നാലെ 1500ഓളം പേരെ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമായാണ് ബ്രസീലിലും ആക്രമണമുണ്ടായത്. കലാപസമാനമായ അന്തരീക്ഷം നേരിടാന്‍ സംഭവസ്ഥലത്ത് സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം നേരിട്ടതിന് പിന്നാലെ രാജ്യത്തെ പൊലീസ് ആസ്ഥാനത്തിന് നേരെയും ബോള്‍സൊനാരോയുടെ അണികള്‍ ആക്രമണം നടത്തിയിരുന്നു.
ബ്രസീലിയയിലെ ഫെഡറല്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കായിരുന്നു ബോള്‍സൊനാരൊയെ പിന്തുണക്കുന്നവര്‍ അതിക്രമിച്ച് കയറുകയും ആക്രമണം നടത്തുകയും ചെയ്തത്. ബ്രസീലിന്റെ പതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.
Content Highlight: Brazil’s Supreme Court Allows To Include Jair Bolsonaro In Riots Probe