ബ്രസീലിയ: ബ്രസീലില്‍ നിയുക്ത പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ (Luiz Inácio Lula da Silva) തന്റെ പുതിയ കാബിനറ്റില്‍ മന്ത്രിമാരെ നിയമിച്ചു.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ആമസോണ്‍ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റും മുന്‍ ബ്രസീലിയന്‍ സെനറ്ററുമായ മരീന സില്‍വയെയാണ് (Marina Silva) പുതിയ പരിസ്ഥിതി വകുപ്പ് മന്ത്രിയായി നിയമിച്ചിരിക്കുന്നത്.
”ഒരുപാട് വര്‍ക്കിന് ശേഷം, ഒരുപാട് ആശങ്കകള്‍ക്കും ടെന്‍ഷനുകള്‍ക്കും ചര്‍ച്ചകള്‍ക്കും അഡ്ജസ്റ്റ്‌മെന്റുകള്‍ക്കും ശേഷം ഞങ്ങള്‍ പുതിയ സര്‍ക്കാരിന്റെ ആദ്യ കൂട്ടിച്ചേര്‍ക്കല്‍ പൂര്‍ത്തിയാക്കി,” മരീന സില്‍വയെ മന്ത്രിയായി പ്രഖ്യാപിച്ച ശേഷം ലുല പ്രതികരിച്ചു.
തദ്ദേശീയ ജനവിഭാഗങ്ങളുടെ (Indigenous People) ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ മന്ത്രിയായി ഇതേ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള സോണിയ ഗ്വാജജരയെ (Sonia Guajajara) ലുല നോമിനേറ്റ് ചെയ്തു. ആകെ 11 വനിതകളാണ് നിര്‍ദിഷ്ട മന്ത്രിസഭയിലുള്ളത്. ബ്രസീലിലെ മുന്‍ സര്‍ക്കാരുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വനിതകളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള മന്ത്രിസഭയാണിത്.
അതേസമയം, തെരഞ്ഞെടുപ്പില്‍ വിജയിച്ച് അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആഴ്ചകളെടുത്താണ് ലുല തന്റെ കാബിനറ്റിലെ 37 അംഗങ്ങളെയും തെരഞ്ഞെടുത്തത്. വ്യാഴാഴ്ചയായിരുന്നു മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.
ജനുവരി ഒന്നിനാണ് ലുല പുതിയ പ്രസിഡന്റായി ഔദ്യോഗികമായി അധികാരമേല്‍ക്കുന്നത്.
ഒക്ടോബര്‍ 30നായിരുന്നു ബ്രസീലില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായിട്ടായിരുന്നു ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.
എന്നാല്‍ രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി ലുല വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കി. ബോള്‍സൊനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയുള്ള പ്രചരണം 67കാരനായ ബോള്‍സൊനാരോ ശക്തമാക്കിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കവെ തന്നെ ഇടത് നേതാവ് ലുലക്ക് മുന്‍തൂക്കമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നിരുന്നു.
ബിസിനസ് ക്ലാസ് ആളുകളുടെ പിന്തുണ ശക്തിപ്പെടുത്താനും അവരുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ടുമായിരുന്നു ബോള്‍സൊനാരോ പ്രചരണം നടത്തിയത്. എന്നാല്‍ സാധാരണക്കാരായ തൊഴിലാളി വര്‍ഗത്തെയും ന്യൂനപക്ഷങ്ങളെയും ബോള്‍സൊനാരോ വിരുദ്ധരെയും കേന്ദ്രീകരിച്ചായിരുന്നു ലുലയുടെ പ്രചരണം.
Content Highlight: Brazil’s president-elect Lula da Silva appoints 11 women including an Amazon activist in cabinet