ഗസയില്‍ ഇസ്രഈലിന്റെ പ്രവര്‍ത്തി തീവ്രവാദത്തിന് തുല്യം: ബ്രസീല്‍ പ്രസിഡന്റ്
World News
ഗസയില്‍ ഇസ്രഈലിന്റെ പ്രവര്‍ത്തി തീവ്രവാദത്തിന് തുല്യം: ബ്രസീല്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th November 2023, 11:07 pm

ബ്രസീലിയ: നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് തീവ്രവാദത്തിന് തുല്യമായ പ്രവര്‍ത്തനമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ .

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരാക്രമണമെന്ന് മുതിര്‍ന്ന ഇടതുപക്ഷ നേതാവ് നേരത്തെ അപലപിച്ചിരുന്നു. ‘ഇസ്‌ലാമിക് ഗ്രൂപ്പിനെതിരായ ഇസ്രഈല്‍ സൈനിക പ്രതികരണത്തെ ന്യായീകരിക്കാന്‍ സാധിക്കില്ല,അവിടെ 11200ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. കൂടുതലും സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് ഗസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചത്,’ അദ്ദേഹം പറഞ്ഞു.

‘കുട്ടികളോടും സ്ത്രീകളോടും ഉള്ള ഇസ്രഈലിന്റെ മനോഭാവം തീവ്രവാദത്തിന് തുല്യമാണ്. ഉദാഹരണത്തിന് ഒരു സ്ഥലം നിറയെ കുട്ടികളുണ്ട്. അവിടെ ഒരു രാക്ഷസന്‍ ഉണ്ടെങ്കിലും ആ രാക്ഷസനെ കൊല്ലാനായി എനിക്ക് കുട്ടികളെ കൊല്ലാന്‍ കഴിയില്ല,’ ലുല തന്റെ സോഷ്യല്‍ മീഡിയ പ്രസംഗത്തില്‍ പറഞ്ഞു.

ഗസയിലെ ഏറ്റവും വലിയ ആശുപത്രിക്ക് ചുറ്റും പോരാട്ടം രൂക്ഷമായിരിക്കെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. സംഘര്‍ഷത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ബ്രസീലിലെ ജൂത ഗ്രൂപ്പുകളില്‍ നിന്ന് നേരത്തെ തന്നെ ലുല വിമര്‍ശനം നേരിട്ടിരുന്നു.

ഹമാസ് നടത്തുന്നത് ഭീകരാക്രമണം ആണെങ്കില്‍ ഇസ്രഈല്‍ നടത്തുന്നതും ഭീകരാക്രമണം തന്നെയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ഇസ്രഈലിന്റെ അകമണത്തെ പരാമര്‍ശിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് തിങ്കളാഴ്ച പറഞ്ഞു.

ഗസയില്‍ നിന്ന് ഈജിപ്തുമായുള്ള കരയതിര്‍ത്തിയിലൂടെ ഒഴിപ്പിച്ച 32 ബ്രസീലുകാരെയും കുടുംബങ്ങളെയും വഹിച്ചുള്ള വിമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീന്‍ ജനതയെ മനുഷ്യ കവചമായി ഉപയോഗിക്കുന്ന ഒരു ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഇസ്രഈലി സര്‍ക്കാരിന്റെ സൈനിക നടപടിയുമായി പ്രസിഡന്റ് തുല്യമാക്കിയെന്ന് ബ്രസീല്‍ – ഇസ്രഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെ പറഞ്ഞു.

Content highkight : Brazil’s Lula says Israel committing ‘equivalent of terrorism’ in Gaza