ഗസയിൽ കുട്ടികൾ കൊല്ലപ്പെടുന്നതിൽ പ്രതിഷേധം; ബ്രസീലിലെ കോപ്പകബാന ബീച്ചിൽ മൃതദേഹങ്ങളുടെ മാതൃകകൾ
World News
ഗസയിൽ കുട്ടികൾ കൊല്ലപ്പെടുന്നതിൽ പ്രതിഷേധം; ബ്രസീലിലെ കോപ്പകബാന ബീച്ചിൽ മൃതദേഹങ്ങളുടെ മാതൃകകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2023, 3:34 pm

റിയോ ഡി ജനീറോ: ഗസയിലെ ജനങ്ങളെ കൊലപ്പെടുത്തുന്ന ഇസ്രഈലി ആക്രമണത്തിനെതിരെ ബ്രസീലിലെ റിയോ ഡി ജനീറോയിലെ ബീച്ചിൽ പുതപ്പിച്ച മൃതദേഹങ്ങളുടെ മാതൃകകൾ പ്രദർശിപ്പിച്ച് പ്രതിഷേധം.

നിലവിലെ യുദ്ധത്തെ തുടർന്ന് ഗസയിൽ കൊല്ലപ്പെട്ട 3,000 ലധികം കുട്ടികളെ പ്രതിനിധീകരിച്ചാണ് ലോകപ്രശസ്തമായ കോപ്പകബാന ബീച്ചിൽ രക്തം പുരണ്ട 120 മൃതശരീരങ്ങൾ പ്രദർശിപ്പിച്ചത്.

ഗസയിലെ ജനങ്ങൾ അനുഭവിക്കുന്ന യാതനകളോട് ബ്രസീൽ ജനതക്ക് ഉദാസീന മനോഭാവമല്ല എന്ന് അറിയിക്കുവാനാണ് പ്രദർശനം നടത്തിയതെന്ന് സംഘാടകർ പറഞ്ഞു.

‘സ്വയം പ്രതിരോധം എന്ന പേരിൽ വളരെ വിചിത്രമായ നടപടികളാണ് ഇസ്രഈൽ സ്വീകരിക്കുന്നത്. അവർ കുട്ടികളെ കൊല്ലുന്നു, ലോകപ്രക്ഷോഭം സൃഷ്ടിക്കുന്നു, കുട്ടികളുടെ രക്തം ഭീകരരുടെ രക്തവുമായി താരതമ്യം ചെയ്യുന്നു.

പ്രശ്നത്തിന് ഒരു അന്തിമ പരിഹാരം നൽകാതെയാണ് ഇതെല്ലാം ചെയ്യുന്നത്,’ പ്രദർശനത്തിന് പിന്നിലുള്ള റിയോ ഡി പാസ് എൻ.ജി.ഒയുടെ അധ്യക്ഷൻ അന്റോണിയോ കാർലോസ് കോസ്റ്റ പറഞ്ഞു.

അതേസമയം ഗസ നഗരത്തിലെ ആംബുലൻസിന് നേരെയുള്ള ഇസ്രഈൽ ആക്രമണത്തിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ആംബുലൻസിനെ ആക്രമിച്ചുവെന്ന് സമ്മതിച്ച ഇസ്രഈൽ ഹമാസിനെയാണ് ലക്ഷ്യമിട്ടതെന്നാണ് പറയുന്നത്. എന്നാൽ ഇത് വ്യക്തമാക്കുന്ന തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

അഭയാർത്ഥികൾ താമസിക്കുന്ന സ്കൂളിന് നേരെയുള്ള ആക്രമണത്തിൽ 14 പേരും വടക്കൻ ഗസയിൽ നിന്ന് പലായനം ചെയ്ത അഭയാർത്ഥികൾക്ക് നേരെയുള്ള ആക്രമണത്തിൽ 20 പേരും കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Brazil’s Copacabana beach covered in ‘shrouded bodies of children’