| Thursday, 8th April 2021, 4:51 pm

ഓരോ ദിവസവും 4000ത്തിന് മുകളില്‍ മരണം; എന്തുസംഭവിച്ചാലും രാജ്യം അടച്ചിടില്ലെന്നാവര്‍ത്തിച്ച് ബോള്‍സനാരോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: കൊവിഡ് കേസുകളുടെ നിയന്ത്രണാതീതമായ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ.

റെക്കോര്‍ഡ് കേസുകളാണ് ദിനംപ്രതി ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാനാവില്ലെന്നാണ് ബോള്‍സനാരോ പറയുന്നത്.

‘വീട്ടില്‍ തുടരുക, എല്ലാം അടച്ചിടുക, രാജ്യം പൂട്ടിയിടുക’ എന്നീ നയങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നില്ല’ എന്നായിരുന്നു തെക്കന്‍ നഗരമായ ചാപെക്കോ സന്ദര്‍ശനത്തിനിടെ അദ്ദേഹം പറഞ്ഞത്.

ദേശീയ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ രാജ്യം ഒരുക്കമല്ലെന്നും ബ്രസീലിയന്‍ ജനതതോട് അവരുടെ വീടുകളില്‍ പൂട്ടിയിരിക്കണമെന്ന് ആവശ്യപ്പെട്ട് സൈന്യത്തെ തെരുവിലിറക്കില്ലെന്നും ബോള്‍സനാരോ പറഞ്ഞു.

വൈറസ് മൂലമുണ്ടാകുന്ന നാശനഷ്ടത്തേക്കാള്‍ വലുതായിരിക്കും രാജ്യം അടച്ചിട്ടാല്‍ സമ്പദ്‌വ്യവസ്ഥ നേരിടാന്‍ പോകുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ തകരാതിരിക്കാന്‍ രാജ്യത്തെ പൊതുജനാരോഗ്യ സ്ഥാപനമായ ഫിയോക്രൂസ് കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ലോക്ക് ഡൗണിലേക്ക് നീങ്ങാന്‍ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് അറിയിച്ചത്.

ചൊവ്വാഴ്ച മാത്രം കൊവിഡ് ബാധിച്ച് ബ്രസീലില്‍ 4200 പേരാണ് മരണപ്പെട്ടത്. കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന മരണനിരക്കാണ് ഇത്. ഇതുവരെ 3,37000 ആളുകളാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 13 മില്യണ്‍ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബ്രസീലിലെ മനാസിലാണ് വകഭേദം സംഭവിച്ച വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ ബ്രസിലീലെ വിവിധ നഗരങ്ങളില്‍ വൈറസ് വ്യാപനം സംഭവിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന് സമാനമായതും എന്നാല്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതുമായ വൈറസിന്റെ വകഭേദമാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്. ഏറ്റവും മോശമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്.

ഓരോ ദിവസവും 600 പുതിയ ശവക്കുഴികളാണ് മുനിസിപ്പല്‍ ശ്മശാനങ്ങളില്‍ നിര്‍മ്മിക്കുന്നതെന്നാണ് ബ്രസീലിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ സാവോ പോളോയിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Brazil’s Bolsonaro resists calls for lockdown as pandemic rages

We use cookies to give you the best possible experience. Learn more