'കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, അതിന്റെ പേരില്‍ ഫാക്ടറി അടയ്‌ക്കേണ്ട കാര്യമില്ല'; കൊവിഡ്-19 നില്‍ വിവാദ പരാമര്‍ശവുമായി ബ്രസീലിയന്‍ പ്രസിഡന്റ്
COVID-19
'കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, അതിന്റെ പേരില്‍ ഫാക്ടറി അടയ്‌ക്കേണ്ട കാര്യമില്ല'; കൊവിഡ്-19 നില്‍ വിവാദ പരാമര്‍ശവുമായി ബ്രസീലിയന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 9:00 am

സാവോപോളോ: ലോക വ്യാപകമായി പടര്‍ന്നു പിടിച്ച കൊവിഡ്-19 നെ നിസ്സാരവല്‍ക്കരിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ. കൊവിഡ് മൂലം ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തില്‍ സംശയം പ്രകടിപ്പിച്ച ഇദ്ദേഹം സ്റ്റേറ്റ് ഗവര്‍ണര്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മരണനിരക്കില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു.

‘ ക്ഷമിക്കണം, കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, മരണം കൂടുന്നതിന്റെ പേരില്‍ കാര്‍ഫാക്ടറി അടച്ചിടേണ്ട കാര്യമില്ല,’ ബൊല്‍സുനാരോ പറഞ്ഞു.

ബ്രസീലിന്റെ സാമ്പത്തിക കേന്ദ്രമായ സാവോ പോളോ നഗരത്തിലെ മരണനിരക്ക് തെറ്റാണെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.
‘ എന്താണ് അവിടെ സംഭവിക്കുന്നതെന്ന് നോക്കണം. രാഷ്ട്രീയതാല്‍പര്യത്തിനു വേണ്ടിയുള്ള നമ്പറുകളുടെ കളിയല്ല ഇത്,’

കൊവിഡ് ബാധിച്ച് 68 മരണങ്ങളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1223 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

കൊവിഡ്-19 വ്യാപനത്തിനെതിരെ പ്രസിഡന്റ് കൃത്യമായി നടപടി എടുക്കാത്തതിന്റെ പേരില്‍ ബ്രസീലിലെ ഗവര്‍ണര്‍മാരും ഇദ്ദേഹവും തമ്മില്‍ അസ്വാരസ്യത്തിലാണ്. കൊവിഡ് പ്രതിരോധത്തിനേക്കാളും രാജ്യത്തെ സാമ്പത്തിക രംഗത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നാരോപിച്ചാണ് ഗവര്‍ണര്‍മാര്‍ ബൊല്‍സൊനാരോയ്‌ക്കെതിരെ തിരിയുന്നത്.

കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബ്രസീലിലെ 26 ഗവര്‍ണര്‍മാര്‍ രാജ്യത്ത് അത്യാവശ്യമല്ലാത്ത സാമ്പത്തിക പദ്ധതി പ്രവര്‍ത്തനങ്ങളും പൊതുസര്‍വീസുകളും താല്‍ക്കാലികമായി വിലക്കിയിരുന്നു.

കൊവിഡില്‍ കാര്യമായ നടപടി ക്രമങ്ങള്‍ എടുക്കാത്തതിന്റെ പേരില്‍ ബൊല്‍സൊനാരോയ്‌ക്കെതിരെ ജനരോഷവും ശക്തമായിരുന്നു.
നേരത്തെ സാവോ പോളോയിലുള്‍പ്പെടെയുള്ള നഗരങ്ങളിലെ ക്വാരന്റീനിലുള്ള ജനങ്ങള്‍ വീടുകളിലെ ബാല്‍ക്കണികളില്‍ ജനങ്ങള്‍ വീട്ടുലുള്ള പാത്രങ്ങള്‍ തമ്മിലടിച്ച് ശബ്ദമുണ്ടാക്കിയാണ് ബൊല്‍സുനാരോയ്‌ക്കെതിരെ പ്രതിഷേധിച്ചത്. ബൊല്‍സുനാരോ അധികാരത്തില്‍ നിന്ന് പുറത്തു പോവണം എന്നാണ് ഇവര്‍ ബാല്‍ക്കണികളില്‍ നിന്നും വിളിച്ചു പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡിനെതിരെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ വിസമ്മതിച്ച ബൊല്‍സുനാരോ ഈ വൈറസിനെതിരെയുള്ള മുന്‍ കരുതലുകള്‍ കാല്‍പ്പനികവും ഒരു തരം ഹിസ്റ്റീരിയയുമാണെന്നായിരുന്നു പ്രതികരിച്ചത്.നേരത്തെ രണ്ടു തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്ന ഇദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.