| Wednesday, 6th November 2013, 9:32 am

ബ്രസീല്‍: പുതിയ സമരപരിപാടികളുമായി പ്രതിഷേധക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]റിയോ ഡി ജനീറോ: ബ്രസീലിലെ ഒരു ഡസനിലേറെ നഗരങ്ങളില്‍ ഒത്തുകൂടിയ ബ്ലായ്ക്ക് ബ്ലോക് അനാര്‍ക്കിസ്റ്റുകളും മറ്റ് നിരവധി പ്രതിഷേധക്കാരും ഗൈ ഫോക്‌സ് ഡേ ആചരിച്ചു.

സ്വന്തം വ്യക്തിത്വം മറയ്ക്കാനായി ഹെല്‍മറ്റും മുഖംമൂടികളും മറ്റും ധരിച്ച് പ്രതിഷേധം നടത്തുന്നവരുടെ സംഘമാണ് ബ്ലായ്ക്ക് ബ്ലോക് അനാര്‍ക്കിസ്റ്റുകള്‍.

അഴിമതിയ്ക്കും ദുര്‍ഭരണത്തിനുമെതിരെ അടുത്തിടെയായി നിരവധിയാളുകള്‍ ഗൈ ഫോക്‌സ് മുഖംമൂടിയണിഞ്ഞ് തെരുവുകളില്‍ പ്രക്ഷോഭം നടത്താറുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില പ്രതിഷേധസംഘങ്ങള്‍ അഴിമതിയ്ക്കും സ്വേച്ഛാധിപത്യത്തിനും നിഷ്ഠൂരഭരണത്തിനുമെതിരെയുള്ള ആഗോള പ്രതിഷേധദിനമായി നവംബര്‍ അഞ്ച് ആചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ പോലെയുള്ള മാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രതികരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

“അഴിമതി നിറഞ്ഞ ഈ വ്യവസ്ഥിതി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” പ്രതിഷേധക്കാര്‍ പറയുന്നു.

“ഞങ്ങള്‍ വളരെ ഉയര്‍ന്ന നികുതി നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വിദ്യാഭ്യാസമേഖലയില്‍ നിക്ഷേപിക്കപ്പെടുന്നില്ല. ഞങ്ങള്‍ക്ക് നല്ല ആരോഗ്യപരിരക്ഷ ലഭിക്കുന്നില്ല. സുരക്ഷിതത്വവും പൊതുയാത്രാസൗകര്യങ്ങളും തികച്ചും അസ്ഥിരമായ അവസ്ഥയിലാണ്.”

എന്നാല്‍ അടുത്തിടെ രൂപീകരിച്ച നിയമപ്രകാരം അനാര്‍ക്കിസ്റ്റുകളുടെ മുഖംമൂടി മാറ്റാനും വ്യക്തിത്വം വെളിപ്പെടുത്താനും പൊലീസ് ആവശ്യപ്പെടുന്നു.

ബ്രസീലില്‍ അടുത്ത ജൂണില്‍ നടക്കാനൊരുങ്ങുന്ന ലോകകപ്പ് ഫുട്‌ബോളിനെയും 2016-ലെ ഒളിമ്പിക്‌സിനേയും ജനങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നാണ് അഭിപ്രായസര്‍വേകള്‍ പറയുന്നത്. എന്നാല്‍ അതേസമയം അതിന് വേണ്ടി ചെലവഴിക്കുന്ന തുകയെക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാണ്.

ഈ വന്‍തുക സമൂഹത്തിന് മൊത്തത്തില്‍ ഉപകാരപ്പെടുന്ന തരീതിയില്‍ ചെലവഴിക്കേണ്ടതായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെടുന്നു.

“സ്‌പോര്‍ട്‌സ് ഞങ്ങള്‍ക്ക് ഇഷ്ടമാണ് ലോകകപ്പും ഞങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ഗവണ്‍മെന്റ് പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യരംഗത്തെയും മറക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.” അവര്‍ പറയുന്നു.

“അഴിമതിക്കാരില്‍ നല്ലവന്‍ മരിച്ചയാള്‍ മാത്രമാണ്. രക്തത്തിന് പകരം രക്തം. അനാര്‍ക്കിസ്റ്റ് വിപ്ലവം.” എന്നെഴുതിയ ബാനറുകളുമായി നിരത്ത് കൈയടക്കിയ പ്രതിഷേധക്കാര്‍ സെന്‍ട്രല്‍ റിയോയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചു.

സാവോപോളോയിലെ ബിസിനസ് കേന്ദ്രങ്ങള്‍ക്ക് നേരെയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

അതേസമയം റിയോയിലും സാവോപോളോയിലും പ്രതിഷേധം എന്ന പേരില്‍ അക്രമം നടത്താന്‍ ശ്രമിച്ച 130-ഓളം പേരെ തങ്ങള്‍ തിരിച്ചറിഞ്ഞതായി അധികാരികള്‍ അവകാശപ്പെട്ടു.

ബ്രിട്ടനില്‍ എല്ലാ വര്‍ഷവും ഗൈ ഫോക്‌സ് ഡേ ആചരിക്കുന്നത് നവംബര്‍ അഞ്ചിനാണ്. ഹൗസ് ഓഫ് ലോര്‍ഡ്്‌സിന്റെ അന്തര്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ക്ക് കാവല്‍ നിന്നിരുന്ന ഗൈ ഫോക്‌സ് എന്നയാളിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഈ ദിനം ഓര്‍മിക്കപ്പെടുന്നത്. 1605-ല്‍ ആയിരുന്നു ഇത്.

We use cookies to give you the best possible experience. Learn more