ബ്രസീലിയ: ബ്രസീലില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ നിലവിലെ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെക്കാള്‍ (Jair Bolsonaro) എതിരാളിയും ഇടതുപക്ഷ നേതാവുമായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്ക് (Luiz Inácio Lula da Silva) മുന്‍തൂക്കം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ഇടത് നേതാവിന് മുന്‍തൂക്കമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ചില അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.
ഡാറ്റാഫോള്‍ഹ (Datafolha) വ്യാഴാഴ്ച നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍, 48 ശതമാനം പേരുടെ പിന്തുണയോടെ, ബോള്‍സൊനാരോയെക്കാള്‍ ലുലക്ക് 13 മുതല്‍ 14 ശതമാനം വരെ ലീഡുണ്ട്. എന്നാല്‍ 33 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ബോള്‍സൊനാരോക്കുള്ളത്.
ബിസിനസ് ക്ലാസ് ആളുകളുടെ പിന്തുണ ശക്തിപ്പെടുത്താനും അവരുടെ വോട്ട് ലക്ഷ്യം വെച്ച്‌കൊണ്ടുമാണ് ബോള്‍സൊനാരോ പ്രചരണം നടത്തുന്നതെങ്കില്‍ സാധാരണക്കാരായ തൊഴിലാളി വര്‍ഗത്തെയും പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും ബോള്‍സൊനാരോ വിരുദ്ധരെയും കേന്ദ്രീകരിച്ചാണ് ലുലയുടെ പ്രചാരണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയുള്ള പ്രചരണം തീവ്ര വലതുപക്ഷ നേതാവായ 67കാരനായ ബോള്‍സൊനാരോ ശക്തമാക്കിയിരിക്കുകയാണ്. എതിരാളിയായ ലുല (76) 2010ല്‍ സ്ഥാനമൊഴിഞ്ഞ ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്.
ബ്രസീലില്‍ പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാഷണല്‍ കോണ്‍ഗ്രസിനെയും തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ റൗണ്ട് ഇലക്ഷന്‍ ഒക്ടോബര്‍ രണ്ടിനാണ് നടക്കുക.
ആദ്യ റൗണ്ട് തെരഞ്ഞെടുപ്പില്‍ തന്നെ ലുല വിജയിക്കുമെന്നാണ് നിലവിലെ സൂചനകള്‍.
Content Highlight: Brazil Presidential election; Leftist rival Lula in the lead against incumbent Jair Bolsonaro