| Friday, 20th January 2023, 8:22 am

ഇത് ബ്രസീലിലെ മാത്രം പ്രശ്‌നമല്ല, തീവ്ര വലതുപക്ഷ മതഭ്രാന്തരെ പൊരുതിത്തോല്‍പിക്കണം: ലുല ഡ സില്‍വ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: രാജ്യത്തെ പുതിയ രാക്ഷസന്മാരാണ് തീവ്ര വലതുപക്ഷ മതഭ്രാന്തരെന്നും (fanatical far right) അവരെ പൊരുതി തോല്‍പിക്കുമെന്നും ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ (Luiz Inácio Lula da Silva). ബ്രസീലില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള വലതുപക്ഷ ദുഷ്ടശക്തികളെ ഇത്തരത്തില്‍ പൊരുതിത്തോല്‍പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മുന്‍ ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായ ലുല പ്രതികരിച്ചു.

”തങ്ങളുടെ ചിന്തകള്‍ പങ്കിടാത്ത എല്ലാവരെയും വെറുക്കുന്നവരാണ് തീവ്ര വലതുപക്ഷ മതഭ്രാന്തര്‍. ഈ പുതിയ രാക്ഷസന്മാരെ നമ്മള്‍ വെല്ലുവിളിക്കുകയും പരാജയപ്പെടുത്തുകയും വേണം.

ഇതൊരു ബ്രസീലിയന്‍ പ്രശ്നം മാത്രമല്ല, എന്നാല്‍ രാജ്യം ഇത്രയധികം വെറുപ്പിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത് ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല,” ബ്രസീലിയയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നിന്ന് പ്രതികരിക്കവെ ലുല പറഞ്ഞു.

മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സൊനാരോയുടെ രാജ്യത്തുള്ള സ്വാധീനത്തെ താരതമ്യം ചെയ്തും ലുല സംസാരിച്ചു.

ബോള്‍സൊനാരോയെ പലപ്പോഴും ‘ട്രോപ്പിക്കല്‍ ട്രംപ്’ (Tropical Trump) എന്ന് വിശേഷിപ്പിക്കാറുള്ളതിനെ കുറിച്ചും ലുല പരാമര്‍ശിച്ചു.

”നമ്മള്‍ ബോള്‍സൊനാരോയെ തോല്‍പ്പിച്ചിട്ടുണ്ട്, എങ്കിലും, വിദ്വേഷം, നുണകള്‍, തെറ്റായ വിവരങ്ങള്‍, മതഭ്രാന്തര്‍ എന്നീ ഘടകങ്ങളെ നമ്മള്‍ ഇനിയും പരാജയപ്പെടുത്തേണ്ടതുണ്ട്. കാരണം നമ്മുടെ ഈ സമൂഹം ഇനിയും പരിഷ്‌കൃതമായി മാറേണ്ടതുണ്ട്,” ബ്രസീലിയന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ച മുമ്പ് ബ്രസീലില്‍ മുന്‍ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ബോള്‍സൊനാരോയുടെ അനുകൂലികള്‍ അക്രമം അഴിച്ചുവിടുകയും കലാപമുണ്ടാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ലുലയുടെ പ്രതികരണം.

ഇക്കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു ബ്രസീലില്‍ പ്രസിഡന്റിന്റെ വസതിക്കും സുപ്രീംകോടതിക്കും പാര്‍ലമെന്റ് മന്ദിരത്തിനും നേരെ ബോള്‍സൊനാരോ അനുകൂലികളുടെ ആക്രമണമുണ്ടായത്.

ബോള്‍സൊനാരോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് പേര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീംകോടതിയുടെയും മേല്‍ക്കൂരയിലേക്ക് കയറി ജനലുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു.

സൈന്യം ഇടപെട്ട് പ്രസിഡന്റ് ലുലയെ സ്ഥാനത്ത് നിന്ന് പുറത്താക്കി ബോള്‍സൊനാരോയെ തിരികെ കൊണ്ടുവരണമെന്നും അക്രമികളില്‍ ചിലര്‍ ആവശ്യപ്പെട്ടു.

അക്രമം അഴിച്ചുവിട്ടത് മൂവായിരത്തോളം തീവ്ര വലതുപക്ഷക്കാരാണെന്നാണ് പ്രസിഡന്റ് ലുല പ്രതികരിച്ചത്. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ലുല വ്യക്തമാക്കി. പിന്നാലെ 2000ഓളം പേരെ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമായാണ് ബ്രസീലിലും ആക്രമണമുണ്ടായത്. കലാപസമാനമായ അന്തരീക്ഷം നേരിടാന്‍ സംഭവസ്ഥലത്ത് സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം നേരിട്ടതിന് പിന്നാലെ രാജ്യത്തെ പൊലീസ് ആസ്ഥാനത്തിന് നേരെയും ബോള്‍സൊനാരോയുടെ അണികള്‍ ആക്രമണം നടത്തിയിരുന്നു.

ബ്രസീലിയയിലെ ഫെഡറല്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കായിരുന്നു ബോള്‍സൊനാരൊയെ പിന്തുണക്കുന്നവര്‍ അതിക്രമിച്ച് കയറുകയും ആക്രമണം നടത്തുകയും ചെയ്തത്. ബ്രസീലിന്റെ പതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.

Content Highlight: Brazil President Lula da Silva vows To Defeat Fanatical Far Right, not only in Brazil

We use cookies to give you the best possible experience. Learn more