| Saturday, 4th December 2021, 1:11 pm

'കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് വേഗത്തില്‍ എച്ച്.ഐ.വി ബാധിക്കും'; വിവാദ പരാമര്‍ശത്തില്‍ ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: കൊവിഡിനെതിരായ വാക്‌സിനെടുക്കുന്നത് എച്ച്.ഐ.വി-എയ്ഡ്‌സ് ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന നടത്തിയതിന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയന്‍ സുപ്രീംകോടതി ജസ്റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച ഉത്തരവിറക്കിയത്.

ജസ്റ്റിസ് അലക്‌സാന്‍ഡ്രെ ഡെ മൊറെയ്‌സ് ആണ് പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബ്രസീലില്‍ കൊവിഡിനെ ബോള്‍സൊനാരോ കൈകാര്യം ചെയ്ത രീതിയെ ചോദ്യം ചെയ്ത് സെനറ്റ് ഇന്‍വെസ്റ്റീഗേറ്റീവ് കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു ജസ്റ്റിസ് അന്വേഷണം പ്രഖ്യാപിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട് ബോള്‍സൊനാരോ ഒമ്പത് കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് ഹരജിയില്‍ എണ്ണമിട്ട് പറഞ്ഞത്.

ഇത് സംബന്ധിച്ച് 1300 പേജുകളുള്ള ഒരു റിപ്പോര്‍ട്ടും ഇന്‍വെസ്റ്റീഗേറ്റീവ് കമ്മിറ്റി ബ്രസീലിന്റെ പ്രോസിക്യൂട്ടര്‍ ജനറലിന് കൈമാറിയിട്ടുണ്ട്. സുപ്രീംകോടതിയ്ക്ക് സ്വന്തമായി അന്വേഷണം നടത്താനുള്ള വകുപ്പില്ലാത്തതിനാല്‍ പ്രോസിക്യൂട്ടര്‍ ജനറലിനായിരിക്കും അന്വേഷണ ചുമതല. അന്വേഷണം അലക്‌സാന്‍ഡ്രെ ഡെ മൊറെയ്‌സിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നാണ് നിലസവിലെ സാഹചര്യത്തില്‍ മനസിലാക്കാവുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിനിടെയായിരുന്നു പ്രസിഡന്റിന്റെ വിവാദ പരാമര്‍ശം. പരാമര്‍ശത്തെത്തുടര്‍ന്ന് ഫേസ്ബുക്കില്‍ നിന്നും യൂട്യൂബില്‍ നിന്നും ബോള്‍സൊനാരോയെ താല്‍ക്കാലികമായി വിലക്കിയിരുന്നു.

”യു.കെ സര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക രേഖകള്‍ പ്രകാരം മുഴുവന്‍ വാക്‌സിനും എടുത്തവര്‍ക്ക് മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ AIDS ബാധിക്കുന്നുണ്ട്,” എന്നായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം.

സ്വയം വാക്‌സിനെടുക്കാന്‍ വിസമതിച്ച വ്യക്തി കൂടിയാണ് ബ്രസീലിയന്‍ നേതാവ് ജെയിര്‍ ബോള്‍സൊനാരോ.

കൊവിഡ് വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന് എച്ച്.ഐ.വി എയ്ഡ്‌സ് എന്നവയിന്മേലുള്ള ഐക്യരാഷ്ട്രസഭയുടെ ജോയിന്റ് പ്രോഗ്രാം മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്.

6,10,000ലധികം പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മരണക്കണക്കില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Brazil president Jair Bolsonaro to be probed for linking covid vaccine and AIDS

We use cookies to give you the best possible experience. Learn more