ബ്രസീലിയ: ലോകക്കപ്പ് മത്സരങ്ങളില്‍ ബ്രസീല്‍ ഇന്ന് സെഞ്ചുറി തികയ്ക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ 1-30ന് കാമറൂണുമായുള്ള മത്സരം ബ്രസീലിന്റെ നൂറാം ലോകക്കപ്പ് മത്സരമാണ്. ഇത് വരെയുള്ള എല്ലാ ലോകക്കപ്പുകളിലും പങ്കെടുത്ത ഏക രാജ്യം ബ്രസീല്‍ മാത്രമാണ്. ടൂര്‍ണമെന്റിലെ ബ്രസീലിന്റെ റെക്കോര്‍ഡും മറ്റാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്.
ഇത് വരെ കളിച്ച 99 ലോകക്കപ്പ് മത്സരങ്ങളില്‍ 68 എണ്ണത്തിലും സെലക്കാവോകള്‍ വിജയിച്ചു. തോല്‍വി 15 എണ്ണത്തില്‍ മാത്രം. പതിനാറ് മത്സരങ്ങള്‍ സമനിലയിലായി. പങ്കെടുത്ത 20 ലോകക്കപ്പുകളില്‍ അഞ്ചെണ്ണത്തില്‍ ചാമ്പ്യന്മാരാവാനും മഞ്ഞപ്പടയ്ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ലോകകിരീടം സ്വന്തമാക്കിയ ടീമും മറ്റാരുമല്ല. ലോകക്കപ്പുകളില്‍ അടിച്ച് കൂട്ടിയ ഗോളുകളുടെ എണ്ണത്തില്‍ ഇതിനകം ഡബ്ബിള്‍ സെഞ്ചുറി പിന്നിട്ടു പെലെയുടെ നാട്ടുകാര്‍.
213 ഗോളുകള്‍ അടിച്ച് കൂട്ടിയപ്പോള്‍ 89 എണ്ണം തിരിച്ചുവാങ്ങി. എന്നാല്‍ ബ്രസീലിനെക്കാളും കൂടുതല്‍ ലോകക്കപ്പ് മത്സരങ്ങള്‍ കളിച്ച രാജ്യമുണ്ട്. ജര്‍മ്മനി. ഇതിനകം 101 ലോകക്കപ്പ് മത്സരങ്ങള്‍ ജര്‍മ്മിനി കളിച്ചിട്ടുണ്ട്. ഇവര്‍ക്കു പിന്നിലായി മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ യഥാക്രമം ഇറ്റലി( 82 മത്സരം), അര്‍ജന്റീന( 72 മത്സരം), ഇംഗ്ലണ്ട് (61 മത്സരം) എന്നിവരാണ്.