| Tuesday, 8th November 2022, 9:27 am

നഖം കടിച്ച് കട്ട ടെന്‍ഷനില്‍ ബ്രസീല്‍ സൂപ്പര്‍താരം; പ്രഖ്യാപനം വന്നതും തുള്ളിച്ചാടിയും കരഞ്ഞും കെട്ടിപ്പിടിച്ചും ആഘോഷം; ഹൃദയം തൊട്ട് വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ ബ്രസീല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകഹൃദയം കീഴടക്കുന്നത് ഒരു വീഡിയോയാണ്. ടീമില്‍ അംഗമായതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രഖ്യാപനത്തിന് വേണ്ടി ടി.വിക്ക് മുന്നില്‍ ആകാംക്ഷപൂര്‍വം കാത്തിരിക്കുന്ന ആന്റണിയും കുടുംബവുമാണ് വീഡിയോയിലുള്ളത്. ആന്റണിയുടെ പേര് വന്നതും ഇവരെല്ലാവരും ചാടിയെണീറ്റ് പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതാണ് വീഡിയോ.

പിതാവിനെയും സഹോദരങ്ങളെയും വാരിപ്പുണര്‍ന്നും ചുവടകുള്‍ വെച്ചും സന്തോഷം പ്രകടിപ്പിക്കുന്ന വീഡിയോ ആന്റണി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘ഇത് നിനക്ക് വേണ്ടി. ദൈവമേ നന്ദി. എല്ലാവരോടും നന്ദി. സുഹൃത്തുക്കള്‍, കുടുംബം, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍. ഒരുപാട് സ്‌നേഹം. വികാരങ്ങളടക്കാനാകുന്നില്ല,’ ആന്റണി ട്വീറ്റില്‍ പറഞ്ഞു.

അതേസമയം ഖത്തറില്‍ ഏത് ടീമിനും വെല്ലുവിളിയാവുന്ന തരത്തിലാണ് ടിറ്റെ തന്റെ പടയൊരുക്കിയിരിക്കുന്നത്. അറ്റാക്ക് ചെയ്ത് കളിക്കാന്‍ തന്നെയാണ് ഇത്തവണ ടീമിന്റെ തീരുമാനമെന്നാണ് സ്ക്വാഡ് പ്രഖ്യാപനത്തില്‍ നിന്നും മനസിലാകുന്നത്.

സൂപ്പര്‍ താരങ്ങളായ തിയാഗോ സില്‍വ, കാസിമെറോ, നെയ്മര്‍ തുടങ്ങിയ കരുത്തര്‍ അടങ്ങുന്നതാണ് ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുടെ പട.

റയല്‍ മാഡ്രിഡ് സൂപ്പര്‍ ഡുവോ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ബ്രസീലിനൊപ്പം ഖത്തറിലേക്കെത്തും. പുതിയ ക്ലബ്ബില്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ലെങ്കിലും ബാഴ്സ താരം റാഫീന്യയും ടീമിനൊപ്പം ചേരും.

ആഴ്സണല്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ടീമില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു ചില കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ ഈ ആശങ്ക അകന്നു.

സീസണില്‍ അഞ്ച് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ മാര്‍ട്ടിനെല്ലി പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

പരിചയ സമ്പന്നരായ താരങ്ങളുടെ വമ്പന്‍ നിരതന്നെയാണ് കാനറികള്‍ക്കൊപ്പമുള്ളത്. ഡിഫന്‍സിനെ നയിക്കുന്ന തിയാഗോ സില്‍വക്കൊപ്പം മാര്‍ക്വിന്യോസും ഡാനി അല്‍വസും അലക്സ് സാന്‍ഡ്രോയും പ്രതിരോധത്തിന്റെ കോട്ടമതില്‍ തീര്‍ക്കും.

സാംബാ താളത്തിന്റെ കരുത്തുമായി മധ്യനിരയെ നയിക്കുന്നത് കാസിമെറോ തന്നെയായിരിക്കും. മുന്നേറ്റ നിരയില്‍ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ നിര തന്നെയുണ്ടെങ്കിലും പ്രതീക്ഷയുടെ ഭാരം മുഴുവന്‍ നെയ്മറിന്റെ ചുമലില്‍ തന്നെയായിരിക്കും.

ഗോള്‍വലക്ക് മുമ്പില്‍ വെവര്‍ട്ടണേയും എഡേഴ്സണേയും അലിസണ്‍ ബെക്കറിനെയുമാകും എതിരാളികള്‍ക്ക് നേരിടാനുള്ളത്.

2002ല്‍ തങ്ങളുടെ അവസാന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ബ്രസീല്‍, 20 വര്‍ഷത്തിന് ശേഷം ലോകകിരീടം സ്വന്തമാക്കുന്ന ആദ്യ നോണ്‍ യൂറോപ്യന്‍ ടീമാകാനാണ് ഒരുങ്ങുന്നത്.

Content Highlight: Brazil player Anthony’s new viral video after team announcement

We use cookies to give you the best possible experience. Learn more