ഖത്തര്‍: 2018 റഷ്യന്‍ ലോകകപ്പിലെ ഫിക്‌സ്ച്ചര്‍ പുറത്തു വന്നതിനു പിന്നാലെ അടുത്ത ചാമ്പ്യന്മാര്‍ ആരാകുമെന്ന ചര്‍ച്ചകളും കായികലോകത്ത് ആരംഭിച്ച് കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി കിരീടം നിലനിര്‍ത്തുമെന്നും അവസാന നിമിഷം കൈവിട്ട കിരീടത്തില്‍ അര്‍ജന്റീന ഇത്തവണ മുത്തമിടുമെന്നും വാദിക്കുന്നവര്‍ ഏറെയാണ്.
ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിനും അര്‍ജന്റീനയ്ക്കുമായി കളത്തിനു പുറത്തെ കളിക്കിറങ്ങുന്നവര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. ഇത്തവണത്തെ ഫിക്‌സ്ച്ചര്‍ എത്തിയതിനു പിന്നാലെ അടുത്ത ചാമ്പ്യന്മാര്‍ ആരാകുമെന്ന സര്‍വേ ഫലവുമായി എത്തിയിരിക്കുകയാണ് ഇ.എസ്.പി.എന്‍
കായികമത്സരങ്ങളെ കുറിച്ച് പ്രവചിക്കുന്ന പ്രമുഖ വെബ്സൈറ്റായ ഫൈവ് തേര്‍ട്ടി എയ്റ്റിന്റെ സോക്കര്‍ പവര്‍ ഇന്‍ഡക്സ് സഹായത്തോടെയാണ് ഇ.എസ്.പി.എന്‍ സര്‍വേ നടത്തിയത്. ഇ.എസ്.പി.എന്‍ സര്‍വേയനുസരിച്ച് ബ്രസീലിനാണ് അടുത്ത ലോകകപ്പിനു സാധ്യത.
20.8 ശതമാനം സാധ്യതയാണ് എസ്.പി.ഐ ബ്രസീലിനു വിജയ സാധ്യത കല്‍പ്പിക്കുന്നത്. 15.9 ശതമാനം സാധ്യതയോടെ സ്പെയിനാണ് രണ്ടാമത്. 10.9 ശതമാനം സാധ്യതയോടെ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി മൂന്നാമതുണ്ട്. എന്നാല്‍ ബ്രസീലിന്റെ ശത്രുവായ അര്‍ജന്റീനയ്ക്ക് എസ്.പി.ഐ നല്‍കിയത് 7 ശതമാനം സാധ്യത മാത്രമാണ്.