2022 ഖത്തര്‍ ലോകകപ്പില്‍ സെമി കാണാതെ ബ്രസീല്‍ പുറത്ത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍വിയറിഞ്ഞത്. ക്രൊയേഷ്യക്കായി ആദ്യ നാല് കിക്കുമെടുത്ത താരങ്ങള്‍ പന്ത് വലിയിലെത്തിച്ചപ്പോള്‍ ബ്രസീലിനായി ഷോട്ടെടുത്ത റോഡ്രിഗോയും മാര്‍ക്വിന്യോസും കിക്ക് പാഴാക്കി.
ആദ്യ കിക്കെടുത്തത് ക്രൊയേഷ്യയായിരുന്നു. ഒരു പിഴവും കൂടാതെ ആ കിക്ക് വലിയിലെത്തിയപ്പോള്‍ ബ്രസീലിനായി ആദ്യ കിക്കെടുത്ത യുവതാരം റോഡ്രിഗോക്ക് പിഴച്ചു.
ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമനിക് ലിവക്കോവിച്ചിനെ മറികടക്കാന്‍ ആ ഷോട്ടിനാവാതെ പോയപ്പോള്‍ മോഡ്രിച്ചിന്റെ മുഖത്ത് ചിരി വിടര്‍ന്നു.
ഇതെടെയാണ് ആറാം കിരീടമെന്ന മോഹം ബാക്കിയാക്കി ബ്രസീലിന് ഖത്തറില്‍ നിന്നും മടങ്ങേണ്ടി വന്നത്.
മത്സരത്തിലെ രണ്ട് ഗോളുകളും എക്‌സ്ട്രാ ടൈമിലാണ് പിറന്നത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ നെയ്മറാണ് ബ്രസീലിനെ മുമ്പിലെത്തിച്ചത്.
എന്നാല്‍ 116ാം മിനിട്ടില്‍ ബ്രൂണോ പെറ്റ്‌കോവിച്ചായിരുന്നു ഗോള്‍ നേടിയത്. വിജയമുറപ്പിച്ചിടത്ത് നിന്നുമായിരുന്നു പെറ്റ്‌കോവിച്ച് ബ്രസീലിന്റെ മോഹങ്ങള്‍ തച്ചുടച്ചത്.
മത്സരത്തിന്റെ 90 മിനിട്ടും ഇന്‍ജുറി ടൈമിലും ഇരു ടീമും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്.
നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തിലേക്ക് ആക്രമണമഴിച്ചുവിട്ട ബ്രസീലിന് മുമ്പില്‍ പ്രതിബന്ധമായി നിന്നത് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമനിക് ലിവക്കോവിച്ചായിരുന്നു. ബ്രസീലിന്റെ എണ്ണം പറഞ്ഞ ഷോട്ടുകളെല്ലാം തന്നെ ലിവക്കോവിച്ച് എന്ന വന്‍മതിലില്‍ തട്ടി തകര്‍ന്നു.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലിവക്കോവിച്ചായിരുന്നു മത്സരത്തിലുടനീളം ക്രൊയേഷ്യയെ തോളിലേറ്റിയത്.
ഈ വിജയത്തോടെ 2022 ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാവാനും ക്രൊയേഷ്യക്ക് സാധിച്ചു. ഡിസംബര്‍ പത്ത് പുലര്‍ച്ച നടക്കുന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് രണ്ടാം ക്വാര്‍ട്ടറിലെ വിജയികളെയാണ് ക്രൊയേഷ്യക്ക് സെമിയില്‍ നേരിടാനുള്ളത്.
Content Highlight: Brazil lost in the quarter final