| Monday, 9th September 2024, 10:48 am

ചരിത്രത്തിലെ ഏറ്റവും മികച്ച ടീം; റൊണാള്‍ഡോയില്ലാതെ 'റോണാള്‍ഡോയുടെ' ഡ്രീം ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിവെക്കപ്പെട്ട പേരാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടേത്. കളിക്കളത്തില്‍ ഇടിമിന്നലായി തങ്ങളുടെ വലകുലുക്കുന്ന പ്രൈം റൊണാള്‍ഡോ എന്നും എതിരാളികളുടെ പേടി സ്വപ്നമായിരുന്നു.

ബ്രസീലിനൊപ്പം രണ്ട് ലോകകപ്പ് കിരീടമണിഞ്ഞ താരം രണ്ട് തവണ ബാലണ്‍ ഡി ഓറും നേടിയിട്ടുണ്ട്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ത്താണ് ബ്രസീലിയന്‍ ലെജന്‍ഡ് ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമായത്. 1997ല്‍ ബാലണ്‍ ഡി ഓര്‍ നേടുമ്പോള്‍ വെറും 21 വയസായിരുന്നു റൊണാള്‍ഡോയുടെ പ്രായം.

തന്റെ സ്വപ്ന ടീമിനെ കുറിച്ച് പറയുകയാണ് റൊണാള്‍ഡോ. ഏഴ് വര്‍ഷം മുമ്പ് ഇംഗ്ലണ്ട് ഫുട്ബോളിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഡ്രീം ടീമിനെ കുറിച്ച് സംസാരിച്ചത്.

4-4-2 ഫോര്‍മേഷനിലാണ് റൊണാള്‍ഡോ നസാരിയോ തന്റെ സ്വപ്ന ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഗോള്‍ കീപ്പറായി ഇതിഹാസ താരം ജിയാന്‍ലൂജി ബഫണിനെയാണ് റൊണാള്‍ഡോ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.

പ്രതിരോധ നിരയില്‍ വന്‍മതിലുകളായ മാല്‍ഡീനിയുടെയും ഫാബിയോ കന്നവാരോയുടെയും പേര് പറഞ്ഞ താരം ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് സ്ഥാനങ്ങളിലേക്ക് ബ്രസീലിയന്‍ ഇതിഹാസങ്ങളായ കഫുവിനെയും റൊബെര്‍ട്ടോ കാര്‍ലോസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

മധ്യനിരയിലും ഇതിഹാസങ്ങളുടെ ഒരു നിരയെ തന്നെയാണ് റൊണാള്‍ഡോ വിന്യസിച്ചിരിക്കുന്നത്. അര്‍ജന്റൈന്‍ ഇതിഹാസം ഡിഗോ മറഡോണ, ഫ്രഞ്ച് ലെജന്‍ഡ് സിനദിന്‍ സിദാന്‍, അസൂറുകളുടെ ചക്രവര്‍ത്തി ആന്ദ്രേ പിര്‍ലോ, അര്‍ജന്റീനയെ മൂന്നാം ലോകകിരീടമണിയിച്ച ലയണല്‍ മെസി എന്നിവരാണ് മധ്യനിരയില്‍ കളി നിയന്ത്രിക്കുക.

മുന്നേറ്റ നിരയില്‍ ലോക ഫുട്‌ബോളിന്റെ കറുത്ത മുത്ത് പെലെയ്ക്കൊപ്പം തന്നെയും താരം സ്വയം തെരഞ്ഞെടുത്തു.

ഒരുപാട് താരങ്ങളുടെ പേര് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ തന്റെ ഡ്രീം ടീം ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് റൊണാള്‍ഡോ വാക്കുകള്‍ അവസാനിപ്പിച്ചത്.

റൊണാള്‍ഡോയുടെ ഡ്രീം ടീം

ഗോള്‍ കീപ്പര്‍: ജിയാന്‍ലൂജി ബഫണ്‍ (ഇറ്റലി).

പ്രതിരോധനിര: കഫു (ബ്രസീല്‍), പൗലോ മാല്‍ഡീനി (ഇറ്റലി), ഫാബിയോ കന്നവാരോ (ഇറ്റലി), റോബെര്‍ട്ടോ കാര്‍ലോസ് (ബ്രസീല്‍).

മധ്യനിര: ഡിഗോ മറഡോണ (അര്‍ജന്റീന), സിനദിന്‍ സിദാന്‍ (ഫ്രാന്‍സ്), ആന്ദ്രേ പിര്‍ലോ (ഇറ്റലി), ലയണല്‍ മെസി (അര്‍ജന്റീന).

മുന്നേറ്റനിര: പെലെ (ബ്രസീല്‍), റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍).

Content highlight: Brazil Legend Ronaldo Nazario picks his dream team

We use cookies to give you the best possible experience. Learn more