ഒരാള്‍ കൂടുതല്‍ ബ്രില്യന്റ്, കൂടുതല്‍ ടെക്‌നിക്കല്‍, മറ്റേയാള്‍ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ ഒരാള്‍; തുറന്നടിച്ച് ബ്രസീല്‍ ഇതിഹാസം
Sports News
ഒരാള്‍ കൂടുതല്‍ ബ്രില്യന്റ്, കൂടുതല്‍ ടെക്‌നിക്കല്‍, മറ്റേയാള്‍ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ ഒരാള്‍; തുറന്നടിച്ച് ബ്രസീല്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th October 2024, 11:18 am

മെസിയോ റൊണാള്‍ഡോയോ? ഇവരില്‍ മികച്ചതാര്? ഈ തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം അന്ത്യമില്ലാതെ തുടരും എന്നുറപ്പുള്ള ചര്‍ച്ചയാണിത്.

ഏറ്റവും മികച്ച താരമാര് എന്ന ചോദ്യം മിക്ക പ്രൊഫഷണല്‍ താരങ്ങളും പരിശീലകരും കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ടാകും.

ഈ വിഷയത്തില്‍ ബ്രസീല്‍ ഇതിഹാസ താരം റൊമാരിയോയും നിലപാട് വ്യക്തമാക്കിയിരുന്നു. 2019ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് റൊമാരിയോ മികച്ച താരമാര് എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കിയത്.

മികച്ച താരമായി മെസിയെയാണ് റൊമാരിയോ തെരഞ്ഞെടുത്തത്. മെസി മികച്ച ടെക്‌നിക്കല്‍ താരമാണെന്ന് അഭിപ്രായപ്പെട്ട റൊമാരിയോ റൊണാള്‍ഡോയുടെ പ്രകടനത്തെ കുറിച്ചും വിശദമായി സംസാരിച്ചു. ബ്രസീല്‍ മാധ്യമമായ ടോര്‍സെഡോറെസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ കളിക്കളത്തില്‍ ഏറെ ശ്രദ്ധാലുവായ താരമാണ്. റൊണാള്‍ഡോ വളരെ മികച്ച, കഴിവേറിയ താരം തന്നെയാണ്. ഒരിക്കലും നിഷേധിക്കാന്‍ സാധിക്കത്ത വസ്തുതയാണിത്. മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ വല്ലാത്ത അഭിനിവേശമാണ് അയാള്‍ക്കുള്ളത്.

പരിശീലനം നടത്തരുത് എന്നാവശ്യപ്പെടുന്ന സമയത്ത് പോലും അവന്‍ കഠിനമായി പരിശ്രമിക്കുന്നു എന്നാണ് അവനൊപ്പമുള്ള ആളുകള്‍ പറയാറുള്ളത്. അവന്റെ വളര്‍ച്ചയടെയും നേട്ടങ്ങളുടെയുമെല്ലാം കാരണം ഇതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അവന്‍ അത് അര്‍ഹിക്കുന്നുണ്ട്, അതിനായി കഠിന പരിശ്രമം നടത്തുന്നുമുണ്ട്,’ റൊമാരിയോ പറഞ്ഞു.

എന്നാല്‍ മെസിയോ റൊണാള്‍ഡോയോ എന്ന ചോദ്യത്തിന് മെസി എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

‘മെസിയോ റൊണാള്‍ഡോയോ? ഉറപ്പായും മെസി. അവന്‍ കൂടുതല്‍ ബ്രില്യന്റാണ്, കൂടുതല്‍ മികച്ച ടെക്‌നിക്കല്‍ പ്ലെയറാണ്. മെസിയുടെ മത്സരങ്ങള്‍ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ ഒരാളാണ്, സംശയം വേണ്ട,’ റൊമാരിയോ കൂട്ടിച്ചേര്‍ത്തു.

ബ്രസീല്‍ ഇതിഹാസം പെലെയും ഗോട്ട് ഡിബേറ്റില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. 2018ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് പെലെ ഇക്കാര്യത്തില്‍ തന്റെ ഭാഗം വ്യക്തമാക്കിയത്.

റൊണാള്‍ഡോ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാണെന്നും എന്നാല്‍ മെസി ഒരു കംപ്ലീറ്റ് പ്ലെയര്‍ ആണെന്നുമായിരുന്നു കറുത്ത മുത്തിന്റെ വിലയിരുത്തല്‍.

‘ഞാന്‍ മെസിയില്‍ തന്നെ ഉറച്ചുനില്‍ക്കും. ഗോള്‍ നേടുക എന്നത് വളരെ പ്രധാനമാണ്, അതില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ നിങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരം ആരെങ്കിലും ഒരുക്കിത്തരാതിരുന്നാല്‍, അപ്പോള്‍ അത് മാത്രം കൊണ്ടാകില്ല. എന്റെ ടീമിലേക്ക് ഞാന്‍ മെസിയെ ആയിരിക്കും തെരഞ്ഞെടുക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാണ്.

റൊണാള്‍ഡോക്ക് ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കും, എന്നാല്‍ മെസി അവസരങ്ങള്‍ സൃഷ്ടിക്കുകയും മത്സരം നിയന്ത്രിക്കുകയുമാണ്. അതിനൊപ്പം ഗോളുകളും നേടുന്നു. റൊണാള്‍ഡോ മികച്ച ഗോള്‍ വേട്ടക്കാരന്‍ തന്നെയാണ്, എന്നാല്‍ ഒരു കംപ്ലീറ്റ് പ്ലെയറെ പരിഗണിക്കുമ്പോള്‍ മെസിയാണ് മികച്ചത് എന്നതില്‍ ഒരു സംശയവും വേണ്ട,’ പെലെ പറഞ്ഞു.

 

Content Highlight: Brazil legend Romario picks Messi over Ronaldo as best player