| Saturday, 14th September 2024, 2:41 pm

ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യതയുള്ളവനെ ഒഴിവാക്കി, ഇത് കടുത്ത അനീതി; ബ്രസീല്‍ താരത്തിനായി വാദിച്ച് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇത്തവണ ആര് ബാലണ്‍ ഡി ഓര്‍ നേടുമെന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ കേവലം 30 പേരിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍, അര്‍ജന്റൈന്‍ ഗോളടി വീരന്‍ ലൗട്ടാരോ മാര്‍ട്ടീനസ്, റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ ജൂഡ് ബെല്ലിങ്ഹാം തുടങ്ങി ഇത്തവണത്തെ പുരസ്‌കാരം ആര് നേടും എന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്.

എന്നാല്‍ 30 പേരുടെ ചുരുക്കപ്പട്ടികയില്‍ ബ്രസീല്‍ യുവതാരം റോഡ്രിഗോയുടെ പേര് ഉള്‍പ്പെടുത്താതില്‍ അതൃപ്തി പ്രകടിപ്പിക്കുകയാണ് മുന്‍ ബാഴ്‌സ സൂപ്പര്‍ താരവും ബ്രസീല്‍ ഇതിഹാസവുമായ റിവാള്‍ഡോ.

ബാലണ്‍ ഡി ഓര്‍ നേടാന്‍ എല്ലാ പൊട്ടന്‍ഷ്യലുമുള്ള താരത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ഇത് കടുത്ത അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിവാള്‍ഡോയുടെ വാക്കുകള്‍ ഉദ്ധരിച്ച് മാഡ്രിഡ് എക്‌സ്ട്രയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘റോഡ്രിഗോയെ പോലെ ഒരു താരം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ എന്താണ് ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിന്റെ മാനദണ്ഡം? ഇത് മനസിലാക്കാന്‍ വളരെയധികം പ്രയാസമുണ്ട്. ബാലണ്‍ ഡി ഓര്‍ നേടാന്‍ കഴിവും സാമര്‍ത്ഥ്യവുമുള്ള താരമാണ് റോഡ്രിഗോ. അവനെ ഉള്‍പ്പെടുത്താത്തത് കടുത്ത അനീതിയാണ്,’ റിവാള്‍ഡോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ കളിച്ച 51 മത്സരത്തില്‍ നിന്നും 17 തവണയാണ് ബ്രസീല്‍ യുവതാരം എതിരാളികളുടെ വലയിലേക്ക് നിറയൊഴിച്ചത്. ഒമ്പത് തവണ സഹതാരങ്ങള്‍ക്ക് ഗോളടിക്കാനുള്ള വഴിയൊരുക്കയും ചെയ്തു.

യുവേഫ ചാമ്പ്യന്‍സ് ലീഗും സൂപ്പര്‍ കോപ്പ എസ്പാനയും ലീഗ് കിരീടവുമടക്കം റയലിന്റെ ടൈറ്റില്‍ വിക്ടറികളിലെല്ലാം തന്നെ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയായിരുന്നു റോഡ്രിഗോ.

ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടുമെന്ന് കരുതിയതായി റോഡ്രിഗോയും പറഞ്ഞിരുന്നു. അതിനാകാതെ വന്നതില്‍ നിരാശയുണ്ടെന്നും റയല്‍ താരം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ വളരെയധികം അസ്വസ്ഥനാണ്. ഞാന്‍ അതിന് അര്‍ഹനാണെന്ന് കരുതുന്നു. ലിസ്റ്റില്‍ ഇടം നേടിയ താരങ്ങളെ മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ആദ്യ 30ല്‍ ഇടം നേടാന്‍ എനിക്ക് കഴിയുമെന്നാണ് ഞാന്‍ കരുതിയത്. ഇതൊരു അത്ഭുതമായിരുന്നു. ഇതില്‍ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. കാരണം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനല്ല,’ റോഡ്രിഗോ പറഞ്ഞു.

രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് മെസിയും റൊണാള്‍ഡോയുമില്ലാത്ത ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പട്ടിക പുറത്തുവന്നത്. 2003 മുതല്‍ മെസിയോ റൊണാള്‍ഡോ ഇല്ലാതെ ഒരിക്കല്‍ പോലും ബാലണ്‍ ഡി ഓര്‍ ഫൈനല്‍ ലിസ്റ്റ് പുറത്തുവന്നിരുന്നില്ല.

മെസിക്കും റൊണാള്‍ഡോക്കും ശേഷമുള്ള അടുത്ത ട്രാന്‍സിഷന്‍ പിരീഡിലേക്ക് ഫുട്‌ബോള്‍ ലോകം കടക്കുകയാണെന്ന വ്യക്തമായ സൂചന കൂടിയാണ് ഈ ചുരുക്കപ്പട്ടിക നല്‍കുന്നത്.

Content Highlight:  Brazil legend Rivaldo expresses displeasure over Rodrigo not making Ballon d’Or shortlist

We use cookies to give you the best possible experience. Learn more