| Sunday, 15th January 2023, 10:08 am

അടുത്ത മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ നെയ്മറും? നെയ്മറിനോട് മാഞ്ചസ്റ്ററിലേക്ക് ചേക്കേറാന്‍ ബ്രസീലിയന്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനോട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കളിത്തട്ടകം മാറ്റാന്‍ നിര്‍ദേശിച്ച് ഇതിഹാസ താരം റിവാള്‍ഡോ. സമ്മറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനാണ് റിവാള്‍ഡോ നെയ്മറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സീസണ് പിന്നാലെ പി.എസ്.ജി നെയ്മറിനെ ഓഫ്‌ലോഡ് ചെയ്‌തേക്കുമെന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് റിവാള്‍ഡോ നെയ്മറിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍.എം.സി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് റിവാള്‍ഡോ നെയ്മറിന്റെ പ്രീമിയര്‍ ലീഗ് പ്രവേശത്തെ കുറിച്ചത് പറയുന്നത്.

‘സത്യം പറഞ്ഞാല്‍ ഇത് ഉടനെ സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഈ സീസണിന്റെ അവസാനം നിക്ഷേപത്തിന്റെ ഒരു ഭാഗം വീണ്ടെടുക്കാന്‍ പി.എസ്.ജി നെയ്മറിനെ വില്‍ക്കാന്‍ തയ്യാറായേക്കും. ഒടുവില്‍ ഈ സാഹചര്യത്തില്‍ അവന് പ്രീമിയര്‍ ലീഗില്‍ കളിക്കാനും സാധിച്ചേക്കും.

ഈ അവസ്ഥയില്‍, മാഞ്ചസ്റ്റര്‍ സിറ്റിയായിരിക്കും അവന് ചേരുന്ന ക്ലബ്ബ് എന്നാണ് ഞാന്‍ കരുതുന്നത്. അവിടെ നെയ്മറിന് വിജയസാധ്യത കൂടുതലായിരിക്കും.

ഇതുകൂടാതെ മാനേജര്‍ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിനൊപ്പം ആക്രമണോത്സുക ഫുട്‌ബോള്‍ കളിക്കാനും നെയ്മറിന് സാധിക്കും,’ റിവാള്‍ഡോ പറഞ്ഞു.

സീസണില്‍ പി.എസ്.ജിയുടെ ഏറ്റവും മികച്ച താരമാണ് നെയ്മര്‍. ഗോളടിച്ചും ഗോളടിപ്പിച്ചും ടീമിന്റെ ഓരോ വിജയത്തിലും മുതല്‍ക്കൂട്ടാവുന്ന നെയ്മര്‍ 15 തവണയാണ് ടീമിനായി വല കുലുക്കിയത്. 13 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കാനും നെയ്മറിനായി.

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ആയതിന് പിന്നാലെ ഓരോ ടീമിന്റെയും ആരാധകര്‍ നെയ്മര്‍ അടക്കമുള്ള താരങ്ങളുടെ ഫാന്‍മേഡ് പോസ്റ്ററുകളും പുറത്തിറക്കുന്നുണ്ട്.

ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നിന്നും കാര്യമായ കൈമാറ്റങ്ങളൊന്നും നടത്താനില്ലെന്ന് പി.എസ്.ജിയുടെ കോച്ചായ ക്രിസ്‌റ്റൊഫെ ഗാള്‍ട്ടിയര്‍ നേരത്തെ പറഞ്ഞിരുന്നു.

ജനുവരിയില്‍ തുറന്ന ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ ആരെയും ക്ലബ്ബിലേക്ക് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ഗാള്‍ട്ടിയര്‍ ആരും ക്ലബ്ബ് വിട്ട് പോയില്ലെങ്കില്‍ പുതിയ താരങ്ങളൊന്നും ക്ലബ്ബിലേക്ക് എത്തില്ലെന്നും പറഞ്ഞിരുന്നു.

‘എന്റെ സ്‌ക്വാഡ് സമ്പൂര്‍ണമാണ്, ഞാന്‍ അതില്‍ വളരെ സംതൃപ്തനുമാണ്. ആരും ക്ലബ്ബില്‍ നിന്നും വിട്ട് പോകുന്നില്ലെങ്കില്‍ പുതിയ താരങ്ങളെയൊന്നും ക്ലബ്ബിലേക്ക് കൊണ്ട് വരേണ്ട കാര്യമില്ല. പക്ഷെ എന്നോടിതുവരെ ഒരാളും ക്ലബ്ബ് വിടണമെന്ന് പറഞ്ഞിട്ടില്ല. അതിനര്‍ത്ഥം എല്ലാവരും ഇവിടെ ഓക്കെയാണെന്നാണ്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

ലീഗ് വണ്ണില്‍ റെന്നെസിനെതിരൊണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നിലവില്‍ 18 മത്സരത്തില്‍ നിന്നും 15 വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 47 പോയിന്റാണ് പി.എസ്.ജിക്കുള്ളത്.

Content highlight: Brazil Legend Rivaldo advice Neymar to join Manchester City

Latest Stories

We use cookies to give you the best possible experience. Learn more