| Thursday, 17th November 2022, 5:28 pm

ഖത്തറില്‍ യൂറോപ്യന്‍മാരുടെ ആധിപത്യം അവസാനിപ്പിക്കും; നെയ്മര്‍ വിചാരിച്ചാല്‍ നടക്കും: ബ്രസീല്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന് മൂന്ന് നാള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് അന്താരാഷ്ട്ര ടീമുകള്‍. വേള്‍ഡ് കപ്പ് ഫേവറിറ്റുകളില്‍ പ്രധാനികളായ ബ്രസീലിന്റെ ഒരുക്കങ്ങള്‍ ഇറ്റലിയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇത്തവണ ബ്രസീലിനായി ലോകകപ്പ് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുക നെയ്മറാണെന്നും താരം വിചാരിച്ചാല്‍ യൂറോപ്യന്‍മാരുടെ ആധിപത്യം അവസാനിക്കാനാകുമെന്നും പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ബ്രസീല്‍ ഇതിഹാസം കഫു. ഈ വര്‍ഷം തങ്ങള്‍ ആറാമത്തെ ലോകകപ്പുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”യൂറോപ്യന്‍മാരെ തകര്‍ക്കാനുള്ള മികച്ച അവസരമാണിത്. അവരെ തകര്‍ത്ത് ലോകകപ്പ് കിരീടം നേടാന്‍ ബ്രസീലന് അനുയോജ്യമായ സമയമാണിപ്പോള്‍. ഒരു വശത്ത് ബ്രസീല്‍ കരുത്തരായ ടീമുകളുമായി ലോകകപ്പിനിറങ്ങുമ്പോള്‍ മറുവശത്ത് അര്‍ജന്റീനയും മികച്ച ഫോമിലാണ്. ഈ രണ്ട് രാജ്യങ്ങള്‍ക്കാണ് ലോകകപ്പ് നേടാന്‍ കഴിവുള്ളത്.

സത്യാവസ്ഥ എന്താണെന്ന് വെച്ചാല്‍ കഴിഞ്ഞ 20 വര്‍ഷമായി ബ്രസീല്‍ ലോകകപ്പ് നേടിയിട്ടില്ല എന്നുള്ളതാണ്. അത് താരങ്ങളെ ചെറിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാലും എനിക്ക് തോന്നുന്നു ഇത്തവണ ബ്രസീല്‍ തന്നെ വിശ്വകിരീടം സ്വന്തമാക്കുമെന്ന്.

നെയ്മര്‍ മികച്ച ഫോമിലുള്ളതിനാല്‍ ടൂര്‍ണമെന്റ് ജയിക്കാന്‍ ഞങ്ങള്‍ക്ക് വലിയ ചാന്‍സുണ്ട്. കാരണം പിച്ചില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ള താരമാണ് അദ്ദേഹം.

ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ അദ്ദേഹത്തിന്റെ കഴിവിലാണ്, എന്നാല്‍ അദ്ദേഹം ഒറ്റക്കല്ല കളിക്കുന്നതും. ബ്രസീല്‍ മികച്ച താരങ്ങള്‍ വേറെയുമുണ്ട്. നെയ്മറിന് മറ്റ് താരങ്ങളെ കൂടി മോട്ടിവേറ്റ് ചെയ്യാനാകുമെന്നും എനിക്ക് തോന്നുന്നുണ്ട്,’ കഫു വ്യക്തമാക്കി.

അതേസമയം 2022ല്‍ അവസാന കിരീടം നേടി കൃത്യം 20 വര്‍ഷം തികയുന്ന വേളയില്‍ വീണ്ടും ഫുട്ബോള്‍ ലോകത്തിന്റെ നെറുകിലെത്താനാണ് ബ്രസീല്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ യൂറോപ്യന്‍ ടീമുകളുടെ അപ്രമാദിത്വം അവസാനിപ്പിച്ച് ലോകകപ്പ് വീണ്ടും ലാറ്റിനമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനാണ് ടിറ്റെയുടെ കുട്ടികള്‍ ഖത്തറിലേക്ക് പറക്കുന്നത്. ഈ നൂറ്റാണ്ടില്‍ കിരീടം നേടിയ ഏക നോണ്‍ യൂറോപ്യന്‍ ടീമും ബ്രസീല്‍ മാത്രമാണ്.

ലോകകപ്പിന്റെ ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. നവംബര്‍ 25നാണ് ബ്രസീലിന്റെ ആദ്യ മത്സരം. സെര്‍ബിയയാണ് എതിരാളികള്‍.

Content Highlights: Brazil legend Cafu praises Neymar Jr before Qatar world Cup 2022

We use cookies to give you the best possible experience. Learn more