ആതിഥേയരാവുമ്പോഴെല്ലാം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുക എന്ന പതിവ് തെറ്റിക്കാതെ ഇക്കുറിയും ബ്രസീല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതിന് മുമ്പ് ബ്രസീല്‍ കപ്പ് സ്വന്തമാക്കിയത്. അന്നും ബ്രസീലില്‍ തന്നെയായിരുന്നു മത്സരം നടന്നത്.
2007ന് മുന്നേ 1919,1922,1949,1989,1997,1999,2004 എന്നീ വര്‍ഷങ്ങളിലാണ് ബ്രസീല്‍ കോപ്പ കീരീടം കൈക്കലാക്കിയത്.
ബ്രസീല്‍ തങ്ങളുടെ റെക്കോര്‍ഡ് നിലനിര്‍ത്തിയപ്പോള്‍ പെറുവിന് സ്വന്തം റെക്കോര്‍ഡ് നിലനിര്‍ത്താനായില്ല. ഫൈനലിലെത്തിയപ്പോളെല്ലാം തന്നെ പെറു നേരത്തെ കിരീടം നേടിയിരുന്നു. ഇക്കുറി അതിന് സാധിച്ചില്ല. 1939ലും 1975ലും ആയിരുന്നു പെറു കിരീടം നേടിയത്.
ഫൈനലില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടത്.ബ്രസീലിനായി ജീസസും എവര്‍ട്ടനും റിച്ചാര്‍ഡ്സണും ഗോള്‍ നേടിയപ്പോള്‍ ഗ്വാരേരോ പെറുവിന്റെ ആശ്വാസഗോള്‍ നേടി. കാനറികളുടെ ഒമ്പതാം കിരീടനേട്ടമാണിത്.
കളിയില്‍ ഉടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ പതിനഞ്ചാം മിനിറ്റില്‍ എവര്‍ട്ടന്റെ ഗോളിലാണ് ആദ്യം ലീഡ് നേടിയത്. ഗബ്രിയല്‍ ജീസസിന്റേതായിരുന്നു പാസ്. വലതു പാര്‍ശ്വത്തില്‍ രണ്ട് പെറു താരങ്ങളെ കബളിപ്പിച്ച് ജീസസ് കൊടുത്ത നീളന്‍ ക്രോസാണ് ഗോളിന് വഴിവച്ചത്. പോസ്റ്റിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് എവര്‍ട്ടണ് ഓപ്പണ്‍ പോസ്റ്റിലേയ്ക്ക് പന്ത് ഒന്ന് ടാപ്പ് ചെയ്യുകയേ വേണ്ടിയിരുന്നുള്ളൂ.
എന്നാല്‍ അടുത്ത മിനിറ്റില്‍ തന്നെ ഈ ഗോളിന് അവര്‍ പകരംവീട്ടി. മധ്യനിരയില്‍ നിന്ന് പന്തുമായി മുന്നേറിയ ആര്‍തര്‍ ബോക്സിന്റെ തൊട്ടുമുകളില്‍ നിന്ന് ഉള്ളിലേയ്ക്ക് പന്ത് ജീസസിന് ചിപ്പ് ചെയ്തുകൊടുത്തു. ഓടിക്കൂടിയ മൂന്ന് പെറുവിയന്‍ താരങ്ങള്‍ക്കിടയിലൂടെ വലയിലേയ്ക്ക് നിറയൊഴിക്കുമ്പോള്‍ ജീസസിന് പിഴച്ചില്ല.
രണ്ടാം പകുതിയില്‍ ലീഡുമായി കളിക്കാനിറങ്ങിയ ബ്രസീലിന് ജീസസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. തൊണ്ണൂറാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി പിഴയ്ക്കാതെ വലയിലാക്കി പകരക്കാരന്‍ റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ ജയം ഉറപ്പിച്ചു. പന്തുമായി പെറു ബോക്സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ എവര്‍ട്ടണെ ഫൗള്‍ ചെയ്തതിന് കിട്ടിയ കിക്കാണ് 77-ാം മിനിറ്റില്‍ ഫര്‍മിന്യോയ്ക്ക് പകരം ഇറങ്ങിയ റിച്ചാര്‍ലിസണ്‍ വലയിലാക്കിയത്.