ഫിഫ ലോകകപ്പ് മത്സരങ്ങൾ അന്തിമഘട്ടത്തോടടുക്കുകയാണ്. ഇനി വെറും ഏഴ് മത്സരങ്ങൾ കൂടി പൂർത്തിയാകു മ്പോൾ ഖത്തറിന്റെ മണ്ണിൽ പുതിയ ലോകചാമ്പ്യൻമാർ കപ്പിൽ മുത്തമിടും.
വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:30 ന് ബ്രസീൽ-ക്രൊയേഷ്യ പോരാട്ടതോടെ ഖത്തറിന്റെ മൈതാനങ്ങളിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കമാകും. ശനിയാഴ്ച അർജന്റീന-നെതർലാ ൻഡ്സിനെയാണ് നേരിടുക.
എന്നാൽ മത്സരത്തിന് മുന്നോടിയായി ബ്രസീൽ ടീമിനെ ക്കുറിച്ചുള്ള അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ക്രൊയേഷ്യൻ കോച്ച് സ്ലാട്ട്കോ ദാലിച്ച്.
“ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ചതും ശക്തമായതുമായ ടീം ബ്രസീലാണ്.അവരുടെ ടീമിലേക്കൊന്ന് കണ്ണോടിക്കൂ, സെലെക്ഷൻ, പ്ലെയേഴ്സിന്റെ ക്വാളിറ്റി, സ്കിൽസ്, താരമൂല്യം തുടങ്ങി ഏത് അളവുകോലുകൊണ്ട് പരിശോധിച്ചാലും ഭയപ്പെടുത്തുന്ന ടീമാണവർ,’ ദാലിച്ച് പറഞ്ഞു.
“ഞങ്ങൾക്ക് വലിയൊരു കടമ്പ തന്നെയാണ് നേരിടാനുള്ളത്. മികച്ച ഫുട്ബോൾ കളിക്കുന്ന ബ്രസീലിനെ എതിരിടുക ബുദ്ധിമുട്ട് തന്നെയാണ്. മികച്ച ക്വാളിറ്റിയും വേഗതയും കൈമുതലുള്ള ബ്രസീൽ നല്ല ആത്മവിശ്വാസത്തോടെയുമാണ് കളിക്കുന്നത്. അവരുടെ കളിക്കാരുടെ മികവ് തെളിയിക്കപ്പെട്ടതുമാണ്.
എന്നാലും ഞങ്ങൾ വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾക്ക് പേടിക്കാനുമൊന്നുമില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീലുമായുള്ള കളി തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമല്ലെന്ന് തങ്ങൾക്ക് ബോധ്യമുണ്ടെന്നും. എന്നാൽ അർപ്പണബോധത്തോടെയും ആത്മവിശ്വാസത്തോടെയും കളിക്കുന്ന ക്രൊയേഷ്യൻ ടീമിന് ബ്രസീൽ ഒരു ബാലികേറാമലയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
ബ്രസീലിനായി നെയ്മർ, വിനീഷ്യസ്, മാർട്ടിനെല്ലി, റിച്ചാർലിസൺ എന്നിവരടങ്ങിയ മുന്നേറ്റ നിരയാണ് ബ്രസീലിന്റെ അക്രമങ്ങളെ മുന്നിൽ നിന്ന് നയിക്കുക. മധ്യ നിരയിൽ ബ്രൂണോ ഗുമെറസ്, പക്വെറ്റ എന്നിവർ മുന്നേറ്റ നിരയിലേക്ക് പന്ത് നിർലോഭം എത്തിച്ചുകൊടുക്കുമ്പോൾ കാസെമിറോ, ഫ്രഡ് എന്നിവരായിരിക്കും സ്വന്തം പകുതിയിലേക്ക് പന്ത് എത്താതെ പിടിച്ച് നിർത്തുക.
തിയാഗോ സിൽവ, ഡാനിലോ, ബ്രെമർ, മിലിറ്റാവോ എന്നിവർ പ്രതിരോധകോട്ട കെട്ടും.മറുവശത്ത് ലൂക്ക മോഡ്രിച്ച്, പെരിസിച്ച്, പെറ്റ്കോവിച്ച് എന്നിവരാണ് ക്രൊയേഷ്യയേ നയിക്കുക.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ വിജയിക്കാനായാൽ ശനിയാഴ്ച പുലർച്ചെ നടക്കുന്ന അർജന്റീന-നെതർലാൻഡ്സ് മത്സര വിജയികളോടാകും സെമിയിൽ ബ്രസീലിന് എതിരിടേണ്ടി വരിക.
Content Highlights: Brazil is the best team in Qatar World Cup Croatian coach