|

ഇന്ന് നമ്മള്‍ ലോകത്തോട് പറയുന്നു, ബ്രസീല്‍ ഈസ് ബാക്ക്: ലുല ഡ സില്‍വ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാവോ പോളോ: ബ്രസീല്‍ തിരിച്ചുവന്നിരിക്കുന്നുവെന്ന് പുതിയ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ (Luiz Inácio Lula da Silva). പൊതുതെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ (Jair Bolsonaro) തോല്‍പിച്ചുകൊണ്ട് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു ലുല ഡ സില്‍വ.

”വിഭജിക്കപ്പെട്ട ഒരു രാജ്യത്തില്‍, യുദ്ധ സാഹചര്യത്തില്‍ ജീവിക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ല. ഇന്ന് നമ്മള്‍ ലോകത്തോട് പറയുകയാണ്, ബ്രസീല്‍ തിരിച്ചുവന്നിരിക്കുന്നു,” വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ ലുല പറഞ്ഞു.

തനിക്ക് വേണ്ടി വോട്ട് ചെയ്തവരുടെ മാത്രമല്ല, മറിച്ച് ബ്രസീലിലെ 21 കോടിയിലധികം വരുന്ന ജനങ്ങളുടെയും പ്രസിഡന്റായിരിക്കും താനെന്നും ലുല വാഗ്ദാനം ചെയ്തു. കയ്പുനിറഞ്ഞ, വിഭജിക്കപ്പെട്ട ബ്രസീലിന് സമാധാനവും ഐക്യവുമാണ് ഇനി വേണ്ടതെന്നും ലുല ആഹ്വാനം ചെയ്തു.

കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍, പ്രത്യേകിച്ചും ആമസോണ്‍ വിഷയത്തില്‍ തങ്ങളുടെ സ്ഥാനം തിരിച്ചുപിടിക്കാന്‍ ബ്രസീല്‍ തയ്യാറാണെന്നും ലുല പ്രത്യാശ പ്രകടിപ്പിച്ചു.

”ഇന്നത്തെ ഒരേയൊരു വിജയി ബ്രസീലിയന്‍ ജനതയാണ്. ഇത് എന്റെയോ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയോ, ക്യാമ്പെയിനില്‍ ഞങ്ങളെ പിന്തുണച്ച മറ്റ് പാര്‍ട്ടികളുടെയോ വിജയമല്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ക്കും ആശയധാരകള്‍ക്കും അതീതമായി രൂപംകൊണ്ട ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിജയമാണിത്. അങ്ങനെ ജനാധിപത്യം വിജയിച്ചിരിക്കുകയാണ്,” സാവോ പോളോയില്‍ പ്രസംഗിക്കുന്നതിനിടെ ലുല കൂട്ടിച്ചേര്‍ത്തു.

അതേസമയം, യു.എസിലെ 2020ലെ ജോ ബൈഡന്റെ വിജയത്തോടാണ് ബ്രസീലിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചിലര്‍ താരതമ്യം ചെയ്യുന്നത്. 2020ലെ യു.എസിന് സമാനമായ, വിഭജിക്കപ്പെട്ട ഒരു രാജ്യമാണ്, അങ്ങേയറ്റം വിഭജിക്കപ്പെട്ട ബ്രസീലാണ് ലുലയുടെ കൈകളിലെത്തിയിരിക്കുന്നതെന്ന് സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനായ തോമസ് ട്രോമാന്‍ (Thomas Traumann) പ്രതികരിച്ചു.

”രാഷ്ട്രീയ കാര്യങ്ങളില്‍ മാത്രമല്ല ജനങ്ങള്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത മൂല്യങ്ങളും സ്വത്വങ്ങളും അഭിപ്രായങ്ങളുമുള്ളവരാണ് അവര്‍,” ട്രോമാന്‍ പറഞ്ഞു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ ലുലയുടെ വിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

”സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തെരഞ്ഞെടുപ്പിന് ശേഷം ബ്രസീലിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍. വരും കാലങ്ങളിലും ബ്രസീലും യു.എസും തമ്മിലുള്ള സഹകരണം തുടരുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു,” ബൈഡന്‍ ട്വീറ്റ് ചെയ്തു.

ഒക്ടോബര്‍ 30നായിരുന്നു ബ്രസീലില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായിട്ടായിരുന്നു ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.

എന്നാല്‍ രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി ലുല വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കി. ബോള്‍സൊനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്.

2010ല്‍ സ്ഥാനമൊഴിഞ്ഞ ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ലുല (77). 2003 മുതല്‍ 2010 വരെയായിരുന്നു വര്‍ക്കേഴ്സ് പാര്‍ട്ടി (Workers’ Party) നേതാവായ ലുല ബ്രസീലിന്റെ പ്രസിഡന്റായിരുന്നത്. 2019ലായിരുന്നു കണ്‍സര്‍വേറ്റീവ് ലിബറല്‍ പാര്‍ട്ടി (Liberal Party) നേതാവായ ബോള്‍സൊനാരോ ബ്രസീലിന്റ പ്രസിഡന്റായി അധികാരമേറ്റത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയുള്ള പ്രചരണം 67കാരനായ ബോള്‍സൊനാരോ ശക്തമാക്കിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കവെ തന്നെ ഇടത് നേതാവ് ലുലക്ക് മുന്‍തൂക്കമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നിരുന്നു. അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ട്.

പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാഷണല്‍ കോണ്‍ഗ്രസിനെയും തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ രണ്ടിനും രണ്ടാം ഘട്ടം ഒക്ടോബര്‍ 30നുമായിരുന്നു നടന്നത്.

ബിസിനസ് ക്ലാസ് ആളുകളുടെ പിന്തുണ ശക്തിപ്പെടുത്താനും അവരുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ടുമായിരുന്നു ബോള്‍സൊനാരോ പ്രചരണം നടത്തിയത്. എന്നാല്‍ സാധാരണക്കാരായ തൊഴിലാളി വര്‍ഗത്തെയും ന്യൂനപക്ഷങ്ങളെയും ബോള്‍സൊനാരോ വിരുദ്ധരെയും കേന്ദ്രീകരിച്ചായിരുന്നു ലുലയുടെ പ്രചരണം.

ജനുവരി ഒന്നിനായിരിക്കും പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുക.

Content Highlight: Brazil is back, says newly elected president Lula da Silva

Video Stories