അര്‍ജന്റീനക്കോ ഫ്രാന്‍സിനോ ജര്‍മനിയടക്കമുള്ളവര്‍ക്കോ അവകാശപ്പെടാനില്ലാത്ത അണ്‍ ബീറ്റണ്‍ റെക്കോഡ്; വിജയത്തിനൊപ്പം ചരിത്രനേട്ടവുമായി ബ്രസീല്‍
2022 Qatar World Cup
അര്‍ജന്റീനക്കോ ഫ്രാന്‍സിനോ ജര്‍മനിയടക്കമുള്ളവര്‍ക്കോ അവകാശപ്പെടാനില്ലാത്ത അണ്‍ ബീറ്റണ്‍ റെക്കോഡ്; വിജയത്തിനൊപ്പം ചരിത്രനേട്ടവുമായി ബ്രസീല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th November 2022, 8:41 am

കഴിഞ്ഞ ദിവസം ഗ്രൂപ്പ് ജിയില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ മലര്‍ത്തിയടിച്ചിരുന്നു. സൂപ്പര്‍ താരം കാസെമിറോയുടെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു കാനറിപ്പടയുടെ വിജയം.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ വിജയത്തിന് പിന്നാലെ നോക്ക് ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനും ബ്രസീലിന് സാധിച്ചു. ഗ്രൂപ്പ് ജിയില്‍ നിന്നും നോക്ക് ഔട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ച ആദ്യ ടീമായി മാറാനും ബ്രസീലിനായി.

കഴിഞ്ഞ ദിവസത്തെ വിജയത്തിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും ടിറ്റെയുടെ കുട്ടികള്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോഡാണ് കാനറികളെ തേടിയെത്തിയത്.

തുടര്‍ച്ചയായ 17ാം മത്സരത്തിലാണ് ബ്രസീല്‍ പരാജയമറിയാതെ കുതിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്‍പിച്ചതിന് പിന്നാലെ 14 ജയവും മൂന്ന് സമനിലയുമാണ് ബ്രസീലിന്റെ അണ് ബീറ്റണ്‍ സ്ട്രീക്കിലുള്ളത്.

കഴിഞ്ഞ ആറ് ലോകകപ്പുകളില്‍ നിന്നുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാതെ ബ്രസീല്‍ കുതിക്കുന്നത്. 1998 ലോകകപ്പില്‍ നോര്‍വേയോട്‌ ഗ്രൂപ്പ് ഘട്ടത്തില്‍ 2-1ന് തോറ്റതിന് ശേഷം ബ്രസീല്‍ ഇതുവരെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തോറ്റിട്ടില്ല.

 

ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടീം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്.

അതേസമയം, തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍ ഒന്നാമതായി നോക്ക് ഔട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിടത്ത് നിന്നുമാണ് കാസിമെറോ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചത്.

ബ്രസീലിനോട് പരാജയപ്പെട്ടെങ്കിലും ആദ്യ മത്സരത്തില്‍ കാമറൂണിനോട് വിജയിച്ച സ്വിറ്റ്സര്‍ലാന്‍ഡ് ഗ്രൂപ്പില്‍ രണ്ടാമതാണ്.

ആദ്യ മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. റിച്ചാര്‍ലിസണിന്റെ ഇരട്ട ഗോളാണ് ബ്രസീലിനെ വിജയിപ്പച്ചത്. ഈ ഗ്രൂപ്പില്‍ തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കാമറൂണ്‍- സെര്‍ബിയ പോരാട്ടം സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഗ്രൂപ്പ് ജിയില്‍ ഡിസംബര്‍ മൂന്നിനാണ് ബ്രസീലിന്റെ അവസാന മത്സരം. ആഫ്രിക്കന്‍ ശക്തികളായ കാമറൂണ്‍ ആണ് എതിരാളികള്‍.

ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ കാമറൂണ്‍ ബ്രസീലിനെ തോല്‍പ്പിക്കുകയും, സ്വിറ്റ്‌സര്‍ലാന്‍ഡ് സെര്‍ബിയയോട് പരാജയപ്പെടുകയും ചെയ്താല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി കാമറൂണിന് മുന്നോട്ട് കുതിക്കാം.

 

Content highlight: Brazil holds the record for the longest unbeaten match in the group stage of the World Cup